ഇനി ന്യൂജൻ 112; എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനങ്ങൾ പരിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന 112ന്റെ സേവനങ്ങൾ പരിഷ്കരിച്ചു. ഔട്ട് ഗോയിങ് സൗകര്യമില്ലാത്തതോ താൽക്കാലികമായി പ്രവർത്തനരഹിതമായതോ ആയ നമ്പരുകളിൽനിന്ന് 112 ൽ വിളിച്ചാലും ഇനി സഹായം ലഭിക്കും. മൊബൈൽ ഫോണുകളിൽനിന്നും ലാൻഡ് ഫോണിൽനിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ പോൽ ആപ് വഴിയും സേവനം പ്രയോജനപ്പെടുത്താം. പരിഷ്കരിച്ച 112 സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനലഭ്യത വർധിപ്പിക്കലും അതിവേഗ പ്രതികരണവുമാണ് 112ന്റെ പുതിയ പതിപ്പ് ലക്ഷ്യമിടുന്നത്. നിലവിലുള്ളതിനേക്കാൾ പ്രതികരണസമയത്തിൽ മൂന്ന് മിനിറ്റോളം കുറവുവരുത്താൻ ഇതിലൂടെ കഴിയും. കേരളത്തിൽ എവിടെനിന്ന് 112ലേക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാവും എത്തുക.
ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനുസമീപത്തെ പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജി.പി.എസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.
പരിഷ്കരിച്ച എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സവിശേഷതകൾ
- നിലവിൽ പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ ഫോൺ, എസ്.ഒ.എസ്, എസ്.എം.എസ്, ഇ-മെയിൽ സംവിധാനങ്ങൾക്ക് പുറമെ വാട്സ് ആപ്, വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യാം.
- ലൊക്കേഷൻ ബേസ്ഡ് സർവിസ്, എമർജൻസി ലൊക്കേഷൻ സർവിസ് സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെതന്നെ അവരുടെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയും.
- ആശയവിനിമയം കാര്യക്ഷമമാക്കാൻ പൊലീസ് വാഹനങ്ങളിൽ ടാബ് ലെറ്റ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ജി.പി.എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിക്കാനും ലഭിച്ച പരാതികൾ മറ്റ് സംസ്ഥാനത്തേക്ക് കൈമാറാനും സാധിക്കും.
- 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയ ‘ട്രാക് മീ’ സംവിധാനം ഉപയോഗിച്ച് പൊലീസുമായി നിരന്തരം ബന്ധപ്പെടാം. യാത്ര പോകുമ്പോഴും ഒറ്റക്കായിരിക്കുമ്പോഴും പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

