ഏലപ്പട്ടയം: റിസോർട്ട് മാഫിയക്ക് തിരിച്ചടിയായി ഉത്തരവ്
text_fieldsകോഴിക്കോട്: ഇടുക്കിയിലെ ഏലപ്പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് റിസോർട്ട് നിർമിക്കാനുള്ള ഭൂമി മാഫിയയുടെ നീക്കത്തിന് തിരിച്ചടിയായി ഉത്തരവ്. ബൈസൺവാലിയിൽ 72.89 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ ഉത്തരവ്. ബൈസൺവാലി വില്ലേജിൽ ജോർജ് ആന്റണി, ഭാര്യ ട്രീസ ജോർജ് എന്നിവർ കൈവശം വെച്ചിരിക്കുന്ന സർവേ നമ്പർ 109/1 ലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏലമലപ്പാട്ട ഭൂമിയിൽ നിന്നും 300 വർഷത്തോളം പഴക്കമുള്ള വിവിധ ഇനത്തിൽപ്പെട്ട 121 മരങ്ങൾ കളനാശിനി ഉപയോഗിച്ച് ഉണക്കിയെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) റിപ്പോർട്ടിൽ നിൽകിയിരുന്നു.
1935-ലെ കാർഡമം ചട്ടം പ്രകാരം ഏലപ്പട്ടയം ലഭിച്ച ഭൂമിയിൽ ഉൾപ്പെട്ടുവരുന്ന 15.32 ഏക്കറിലുള്ള മരങ്ങൾ രാസ വസ്തു ഉപയോഗിച്ച് ഉണക്കിയെന്നാണ് കണ്ടെത്തിയത്. ഉണങ്ങിയ മരങ്ങളിൽ ചിലതിൽ 40 സെന്റിമീറ്ററോളം ആഴത്തിൽ ഡ്രില്ലർ പോലുളള ആയുധം ഉപയോഗിച്ച് തുരന്നിരുന്നു. ചിലമരങ്ങളുടെ വേരുകളിലും -ചിലതിന്റെ ചില്ലകളിലും മൂർച്ചയുള്ള കോടാലി പോലുള്ള ആയുധങ്ങളും കട്ടർ പോലുളള ബ്ലേഡുകളും ഉപയോഗിച്ചതായും കണ്ടെത്തി.
മരങ്ങളെല്ലാം ഉണക്കികളഞ്ഞിട്ടുള്ളതാണെന്നും ജോൺസൺ എസ്റ്റേറ്റിൽ നടന്ന ബോധപൂർവം മരങ്ങൾ ഉണക്കി നശീകരണത്തിനെതിരെ കാർഡമം റൂൾസ് പ്രകാരമുളള കർശന നടപടികൾ സ്വീകരിക്കാത്തതിനാൽ കാർഡമം ഹിൽ റിസർവ് ഏരിയയിൽ വ്യാപകമായി മരം മുറി തുടരുന്നതായും റിപ്പോർട്ട് ലഭിച്ചു. അതിനാൽ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ടതാണെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് ചെയ്തു. ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനും വനംവകുപ്പിനോട് ശുപാർശ ചെയ്തു.
മരങ്ങൾ കളനാശിനി ഉപയോഗിച്ച് ഉണക്കിയതുമായി ബന്ധപ്പെട്ട കേസിൽ അനിൽകുമാർ, വിനീഷ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഏലപ്പട്ടയ ഭൂമി ഉടമ ജോർജ് ആന്റണി, അസിസ്റ്റന്റ് മാനേജർ ഷിബു എന്ന നിർദ്ദേശപ്രകാരമാണ് കീടനാശിനി ഉപയോഗിച്ചതെന്ന് ഇവർ മൊഴി നൽകി. സ്ഥലം റിസോർട്ട് നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിളമാറ്റി കൃഷിചെയ്യുക എന്നിവക്ക് ഉപയോഗിക്കനാണെന്നും മൂന്നാർ ഡി.എഫ്.ഒ റിപ്പോർട്ട് നൽകി.ജോൺസൺ പ്ലാന്റേഷന് അനുവദിച്ചിട്ടുള്ള പട്ടയം റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുന്നതിന് ലാൻറ് റവന്യൂ കമ്മിഷണറും ശിപാർശ ചെയ്തു.
ഏലപ്പട്ടയ ഭൂമി ഉടമ ജോർജ് ആന്റണിയെ സർക്കാർ നേരിൽ കേൾക്കുകയും ചെയ്തു. കാർഡമം ഹിൽ റിസർവ്വ് ഭൂമിയിലെ മരങ്ങൾ ഉണക്കിയതുമായി ബന്ധപ്പെട്ട് ജോൺസൺ എസ്റ്റേറ്റ് ഉടമകൾക്കെതിരെ അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസ് ഫയൽ ചെയ്തു. കേസിലെ വിധിയിൽ എസ്റ്റേറ്റ് ഉടമകൾക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കക്ഷികൾക്ക് അനുകൂലമായി വിധി ആയിട്ടുള്ളതാണ് എന്ന് ജോർജ് ആന്റണി രേഖാമൂലം അറിയിച്ചു.
എന്നാൽ, പ്രോസിക്യൂഷൻ നടപടികളും ഏലപ്പായ ചട്ടങ്ങൾ പ്രകാരം പട്ടയം റദ്ദാക്കുന്നതിനുള്ള നടപടികളും തികച്ചും വ്യത്യസ്തമാണ്. അതിനാൽ എസ്റ്റേറ്റ് ഉടമകൾക്കെതിരെ ഏലപ്പട്ടയ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കേസിലെ വിധി തടസമല്ല. കാർഡമം ഹിൽ റിസർവ് ഭൂമിയിലെ മരങ്ങളുടെ സംരക്ഷണം ഭൂമിയിൽ പട്ടയം ലഭിച്ച ആളിന്റെ ഉത്തരവാദിത്വമാണ്. മരങ്ങൾ നശിപ്പിക്കപ്പെട്ടതിന് പട്ടയക്കാരന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ പോലും ഭൂമിയിലെ മരങ്ങളുടെ സംരക്ഷണം ഉടമയിൽ നിക്ഷിപ്തമായതിനാൽ മരങ്ങൾക്കുണ്ടായ നാശം പട്ടയ വ്യവസ്ഥകളുടെ ലംഘനമാണ്.
പട്ടയ വ്യവസ്ഥ ലംഘിച്ചാൽ പട്ടയം റദ്ദ് ചെയ്യുന്നതിന് സർക്കാരിന് പൂർണമായയ അധികാരമുണ്ട്. ഇടുക്കി കലക്ടർ നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിലേയ്ക്ക് തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

