ഇനി വൈദ്യുതി ബിൽ ഓൺലൈനായി മതി; ഓഫിസിൽ പോയാൽ വലയും
text_fieldsകൊല്ലം: വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാൻ അറിയില്ലെങ്കിൽ ഉടൻ പഠിച്ചേ മതിയാകൂ. വൈദ്യുതി സെക്ഷൻ ഓഫിസുകളിൽ ഇനി പഴയ പോലെ ബിൽ അടയ്ക്കാൻ കഴിയില്ല. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മിക്ക സെക്ഷൻ ഓഫിസുകളിലും ബിൽ അടയ്ക്കാനുള്ള സമയം കുറക്കാൻ തീരുമാനമായി. പണമിടപാടിന് ഡിജിറ്റലൈസേഷന് പ്രോത്സാഹിപ്പാക്കാനാണ് പരിഷ്കാരമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
നിലവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ജനുവരി ഒന്നു മുതൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാക്കി ചുരുക്കും. ഉച്ചക്ക് 1.15 മുതൽ രണ്ടു വരെ ഇടവേള സമയത്തും കാഷ് അടയ്ക്കാൻ പറ്റില്ല.
ആദ്യഘട്ടത്തിൽ 15,000 ത്തിൽ താഴെ ഉപഭോക്താക്കളുള്ള 334 സെക്ഷനുകളിലാണ് പുതിയ സമയക്രമം വരിക. ഇതോടെ ബിൽ അടയ്ക്കാനുള്ള കൗണ്ടറും ഒന്നിലേക്ക് ചുരുങ്ങും. ശേഷിക്കുന്ന 437 സെക്ഷനുകള്‍ നിലവിലെ രീതിയിൽ തുടരും. ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതോടെ സമാന തസ്തികയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും കഴിയും.
