ആറളത്ത് മോഴയാനയെ പിടികൂടാൻ കുങ്കിയാനകളെത്തി
text_fieldsആറളത്തുനിന്ന് മയക്കുവെടിവെച്ച് പിടികൂടുന്ന ആനയെ പാർപ്പിക്കാൻ മുത്തങ്ങയിൽ വനംവകുപ്പ് നിർമിച്ച ആനക്കൊട്ടിൽ
കേളകം: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലകളിലും നിരന്തരം ഭീതി വിതയ്ക്കുകയും ജീവഹാനിയും വൻ കൃഷിനാശവും വരുത്തിവെക്കുകയും ചെയ്യുന്ന ‘കെ.എം-1’ (കണ്ണൂർ മഖ്ന-1) എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ‘ഓപറേഷൻ കെ.എം-1’ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെത്തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് പ്രദേശത്ത് ഏകോപിപ്പിച്ചു വരുന്നത്.
ഓപറേഷന്റെ മുന്നോടിയായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻ കുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി. കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി, ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി പ്രത്യേക അഡ്വൈസറി കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
മയക്കുവെടിവെച്ച് പിടികൂടുന്ന ആനയെ സുരക്ഷിതമായി പാർപ്പിക്കുന്നതിനും ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കുന്നതിനുമായി വയനാട് മുത്തങ്ങയിൽ പ്രത്യേക ക്രാളിന്റെ (തടസ്സക്കൂട്) നിർമാണം പൂർത്തിയായിട്ടുണ്ട്. ദൗത്യത്തിൽ പങ്കാളികളാകാൻ മുത്തങ്ങ എലിഫന്റ് ക്യാമ്പിൽ നിന്നുള്ള വിക്രം, ഭരത് എന്നീ പ്രമുഖ കുങ്കിയാനകളെ ഇതിനകം ആറളത്ത് എത്തിച്ചുകഴിഞ്ഞു.
കെ.എം-1 നെ കണ്ടെത്തുന്നതിനായി വനംവകുപ്പിന്റെ ദ്രുതകർമസേനയും (ആർ.ആർ.ടി) പ്രത്യേക ട്രാക്കിങ് സംഘവും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനുയോജ്യമായ ഭൂപ്രദേശത്ത് ആനയെ കണ്ടെത്തിയാലുടൻ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കെമിക്കൽ ഇമ്മൊബിലൈസേഷൻ (മയക്കുവെടി) നടപടികൾ ആരംഭിക്കും. ആനയെ പൂർണമായും നിയന്ത്രണത്തിലാക്കി സുരക്ഷിതമായി മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

