കുങ്കികളോട് കാട്ടുകൊമ്പെൻറ അടിയറവ്; ഇനി നല്ല നടപ്പ്
text_fieldsഅഗളി: കുറുെമ്പാടുക്കാനുള്ള അടവുകൾ പഠിച്ച കുങ്കിയാനകൾ ഒടുവിൽ ആളെകൊല്ലി കാട്ടുകൊമ്പനെ വീഴ്ത്തി. അട്ടപ്പാടിയിൽ നിരവധി പേരുടെ ജീവനെടുക്കുകയും ഏറെ പേരെ ആശുപത്രി കിടക്കയിലാക്കുകയും ചെയ്ത് മാസങ്ങളായി വിലസിയ ശല്യക്കാരൻ കാട്ടാന ചൊവ്വാഴ്ച വെളുപ്പിന് ശിരുവാണി പുഴയുടെ തീരത്താണ് വനംവകുപ്പും കുങ്കികളുമൊരുക്കിയ തന്ത്രത്തിൽ അടിയറവ് പറഞ്ഞത്. പീലാണ്ടി എന്ന വിളിപ്പേരിൽ അറിയപ്പെട്ട കാട്ടുകൊമ്പന് ഇനി പെരുമ്പാവൂർ കോടനാട് ആനത്താവളത്തിൽ ചട്ടങ്ങളത്രയും പഠിക്കാം. കൊലയാളി കൊമ്പന് കുരുക്കു വീണതിെൻറ ആശ്വാസം ഒാരോ അട്ടപ്പാടി നിവാസിയുടെയും മുഖത്ത് പ്രതിഫലിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4:30ഓടെയാണ് ഒറ്റയാനെ വനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചത്. കേരളത്തിലെ രണ്ട് കുങ്കിയാനകൾക്ക് പുറമേ തമിഴ്നാട്ടിൽ നിെന്നത്തിച്ച രണ്ട് കുങ്കികളുടെയും സഹായത്തോടെയാണ് കാട്ടാനയെ പിടികൂടിയത്. രണ്ടു മാസമായി വനംവകുപ്പധികൃതർ ഇതിനുള്ള തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ അഗളി ടൗണിനടുത്ത സാമ്പാർകോട് ആദിവാസി കോളനിക്കു സമീപം ജനവാസ കേന്ദ്രത്തിൽ കാട്ടാനയെത്തിയിരുന്നു. തുടർന്ന് കോളനിക്കടുത്ത് ഒരു വാഴത്തോട്ടം ആനയെ പിടികൂടാനുള്ള അനുയോജ്യ സ്ഥലമായി വനംവകുപ്പ് നിശ്ചയിച്ചുവെങ്കിലും ആന വാഴത്തോട്ടത്തിൽ കയറാൻ കൂട്ടാക്കിയില്ല. ചൊവ്വാഴ്ച പുലർച്ചെ മേലേ സാമ്പാർകോട് ശിരുവാണി പുഴക്കരികിൽ നിലയുറപ്പിച്ച ആനയെ മയക്കുവെടി വെച്ചു. ഒത്ത വലിപ്പവും ആരോഗ്യവുമുള്ള ആനയാകയാൽ നാലാമത്തെ വെടിയിലാണ് ആന മയങ്ങിയത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ബന്ധിച്ച് 100 മീറ്റർ അകലെ വാഹനത്തിനടുെത്തത്തിച്ചു. വടത്താൽ ചുറ്റപ്പെട്ട കൊമ്പനെ കുങ്കികൾ പിന്നിൽ നിന്ന് ഉന്തി നീക്കി. ദൗത്യസംഘത്തിെൻറ കൂടി പിൻബലത്തോടെ കൃത്യമായി പ്രത്യേകം തയാറാക്കിയ ലോറിയിൽ കയറ്റി. പിന്നീട് വെറ്ററിനറി വിദഗ്ധർ മുറിവുകളിൽ മരുന്നു വെച്ച ശേഷം കുത്തിവെപ്പുകളും നൽകി.
പൊലീസ് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. ഇവിടേക്കുള്ള മുഴുവൻ റോഡുകളിലും പൊലീസ് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആനയെ വനംവകുപ്പിെൻറ പെരുമ്പാവൂരിനടുത്തുള്ള കോടനാട് ആന താവളത്തിലേക്ക് കൊണ്ടുപോയി. ആനക്ക് നല്ല നടപ്പാണ് വനംവകുപ്പ് വിധിച്ചിട്ടുള്ളത്. മെരുക്കിയെടുക്കുന്ന ആനയെ പ്രത്യേക പരിശീലനം നൽകി വകുപ്പിനു കീഴിൽ കുങ്കിയാനയായി മാറ്റിയെടുക്കും. ഒരു വർഷത്തിനിടെ മാത്രം ആന ഏഴു പേരുടെ ജീവനെടുത്തിരുന്നു. ജനരോഷം ശക്തമായതിനെ തുടർന്നാണ് സർക്കാർ നടപടിയുണ്ടായത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചന്ദ്രശേഖരൻ, അസി. സി.സി.എഫുമാരായ ജയശങ്കർ, സൈനുൽ ആബിദീൻ, ബിമൽ, അജിത് കെ. രാമൻ, ഗോപാലൻ, ഡി.എഫ്.ഒ ജയപ്രകാശ്, വെറ്ററിനറി ഡോക്ടർമാരായ അരുൺ സക്കറിയ, ജയകുമാർ, ഷാജു പണിക്കർ, തമിഴ്നാട്ടിൽ നിന്നുള്ള ഡോ. മനോഹർ, അഗളി ഡിവൈ.എസ്.പി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
