തിരുവമ്പാടി ശിവസുന്ദറിന് വിട
text_fieldsതൃശൂര്‍: തൃശ്ശിവപേരൂരിെൻറ തിരുനടകളിൽ നിറഞ്ഞ് നിന്ന തലയെടുപ്പ് 15 വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേറ്റിയ ഗജവീരൻ വിട പറഞ്ഞു; ഗജകേസരി തിരുവമ്പാടി ശിവസുന്ദര്‍ (46) െചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന ആ ഗജരാജചന്തം ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയാണ് െചരിഞ്ഞത്. തിരുവമ്പാടി ചന്ദ്രശേഖരെൻറ പിന്‍മുറക്കാരനായി 2003ല്‍ വ്യവസായി ടി.എ. സുന്ദര്‍മേനോന്‍ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി പൂക്കോട് ശിവൻ എന്ന ആനയാണ് തിരുവമ്പാടി ശിവസുന്ദറായത്. 2007 ഫെബ്രുവരി ആറിന് കോട്ടയത്ത് നടന്ന ഗജരാജ സംഗമത്തിലാണ് ശിവസുന്ദറിന് കളഭ കേസരിപ്പട്ടം കിട്ടിയത്. ഒരു വര്‍ഷം കഴിഞ്ഞ് മാതംഗകേസരി പട്ടം തുടങ്ങിയ ബഹുമതികളും ശിവസുന്ദറിനെ തേടിയെത്തി.
വീണ്ടുമൊരു തൃശൂര്‍ പൂരം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് പൂരനഗരിയുടെ പ്രിയപ്പെട്ട കൊമ്പന്‍ വിടവാങ്ങുന്നത്. കഴിഞ്ഞ രണ്ട് മാസവും നിരവധി എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും പങ്കെടുക്കാനായിരുന്നില്ല. ശനിയാഴ്ചയോടെ അസുഖം മൂർച്ഛിച്ച് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വിയോഗ വാർത്ത അറിഞ്ഞ മുതൽ ആരാധകരുടെ പ്രവാഹമായിരുന്നു. ഗജലക്ഷണങ്ങളിൽ പൂർണത തികഞ്ഞ അപൂർവം ആനകളിലെ ശ്രദ്ധേയനെന്ന സവിശേഷത മൂലം ആനപ്രേമികളുടെയും പൂരപ്രേമികളുടെയും പ്രിയങ്കരനായിരുന്നതിനാൽ യാത്രാമൊഴി നല്‍കാന്‍ ജനസാഗരമാണ് ഒഴുകി എത്തിയത്. ഉച്ചക്ക് ഒന്നു വരെ തിരുവമ്പാടി ദേവസ്വത്തിെൻറ കൗസ്തുഭം ഹാളിന് സമീപത്ത് പൊതുദർശനത്തിന് വെച്ചു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, അനിൽ അക്കര എം.എൽ.എ, തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ. പ്രതാപൻ, എ. നാഗേഷ്, പെരുവനം കുട്ടൻമാരാർ, അന്നമനട പരമേശ്വരമാരാർ, പെരുവനം സതീശൻമാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, വിവിധ ദേവസ്വം പ്രതിനിധികൾ, ആനയുടമകൾ തുടങ്ങി ജീവിതത്തിെൻറ നാനാതുറകളിൽ പെട്ടവർ ശിവസുന്ദറിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. തൃശൂര്‍ പൂരത്തിന് കൂട്ടാനകളായി ഒപ്പം നില്‍ക്കാറുള്ള ആനകളും ഗജരാജന് പ്രണാമം അര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ സംസ്കാരത്തിനായി കോടനാട് വനത്തിലേക്ക് കൊണ്ടുപോയി.
പകരമില്ല, ഈ ഗജസൗന്ദര്യത്തിന്
കോടനാട്ടെ ആനക്കൂട്ടിൽനിന്ന് ആനപ്രേമികളുടെ മനസ്സിലേക്ക് കടന്നുകയറിയ ഗജസൗന്ദര്യമാണ് തിരുവമ്പാടി ദേവസ്വം ശിവസുന്ദര്‍. 15 വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി കൃഷ്ണെൻറകൂടി സാന്നിധ്യമുള്ള ഭഗവതിയുടെ തിടമ്പേന്താനുള്ള നിയോഗം ശിവസുന്ദറിനായിരുന്നു. അതിനുമുമ്പ് 28 വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേന്തിയ ചന്ദ്രശേഖരന്‍ ചെരിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് ശിവസുന്ദര്‍ കടന്നുവന്നത്. 28 ലക്ഷം രൂപക്ക് ആനക്കമ്പക്കാരനായ പൂക്കോടന്‍ ഫ്രാന്‍സിസിൽനിന്ന് ശിവനെ സ്വന്തമാക്കിയത് തട്ടകവാസിയും പ്രവാസി വ്യവസായിയും സണ്‍ ഗ്രൂപ്പ് സാരഥിയുമായ ഡോ. ടി.എ. സുന്ദര്‍ മേനോൻ. 2003 ഫെബ്രവരി 15 നാണ് ശിവനെ തിരുവമ്പാടി കണ്ണനുമുന്നില്‍ നടയ്ക്കിരുത്തി ശിവസുന്ദറാക്കിയത്. നാട്ടാനകളില്‍ ലക്ഷണയുക്തനായ ശിവസുന്ദറിെൻറ പ്രധാന പ്രത്യേകത നിലംതൊട്ടിഴയുന്ന സുന്ദരമായ തുമ്പിക്കൈയാണ്. പത്തടിയോടടുത്ത ഉയരം. ഉയര്‍ന്ന വായുകുംഭം, വിരിഞ്ഞമസ്തകം, ഗാംഭീര്യമാര്‍ന്ന ഉടല്‍... ഉത്സവപ്പറമ്പുകളിലെ ശാന്തശീലനാണ് ശിവസുന്ദർ. 2007 ഫെബ്രുവരി ആറിന് കോട്ടയം പൊന്‍കുന്നത്തിനടുത്ത ഇളങ്ങുളം ഗജരാജസംഗമത്തില്‍ ശിവസുന്ദറിന് കളഭകേസരിപട്ടം, 2008 ഫെബ്രവരി 19ന് പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മാതംഗകേസരി പട്ടം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇതിനകം ശിവസുന്ദറിനെ തേടി എത്തിയിട്ടുണ്ട്. ആദ്യമായി ഒരു പുസ്തക പ്രകാശനം നിർവഹിച്ച ബഹുമതിയും ശിവസുന്ദറിന് മാത്രം.
പ്രണാമമർപ്പിച്ച് പൂരനഗരി
ഇതുപോലെ ഒരു കരിവീരെൻറ വിയോഗവും പൂരനഗരിയെ ഇത്രമേൽ വേദനിപ്പിച്ചിട്ടുണ്ടാവില്ല. തിരുവമ്പാടി ശിവസുന്ദറിെൻറ വിയോഗം തൃശൂരിെൻറ പൂരനഷ്ടമാണ്. ഇനിയൊരിക്കലും തിരിച്ചുവരാത്ത, പകരമാവാത്ത നഷ്ടം. പുലർച്ച ശിവസുന്ദറിെൻറ വിടയറിഞ്ഞതോടെ നഗരത്തിൽ ചികിത്സ നൽകിയിരുന്ന കൗസ്തുഭം ഹാളിനോട് ചേർന്നുള്ള പറമ്പിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. വഴിയോരം വാഹനങ്ങളും, ആരാധകരുമായി തിങ്ങിനിറഞ്ഞു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും പ്രയാസപ്പെട്ടു. ദേവസ്വങ്ങൾ, ആനപ്രേമികൾ, ഉത്സവാഘോഷ സംഘാടകർ, വിവിധ സംഘടനകൾ പൗരപ്രമുഖർ, പൂരാസ്വാദകർ തുടങ്ങി നിരവധിയാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. തൃശൂരിലെ വിവിധ ദേവസ്വങ്ങളുടെയും സ്വകാര്യ ഉടമകളുടെയും ആനകൾ ശിവസുന്ദറിന് പ്രണാമമർപ്പിക്കാനെത്തിയത് കാഴ്ചക്കാരെ കണ്ണീരിലാക്കി. സമൂഹമാധ്യമങ്ങളിലും ശിവസുന്ദറിെൻറ വിയോഗമായിരുന്നു തലയുയർത്തി നിറഞ്ഞു നിന്നത്. മകനെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ശിവസുന്ദറിെൻറ വേർപാട് നികത്താനാകാത്ത നഷ്്ടമാണ് സുന്ദർമേനോനുണ്ടാക്കിയത്. ശിവസുന്ദറിെൻറ അവകാശം തിരുവമ്പാടി ദേവസ്വത്തിനാണെങ്കിലും സുന്ദർമേനോനാണ് ശിവസുന്ദറിനെ നടയിരുത്തിയത്. മുഴുവൻ സമയവും സുന്ദർമേനോെൻറ വീട്ടിൽ തന്നെയായിരുന്നു പ്രത്യേക പരിചരണത്തോടെ ശിവസുന്ദറിെൻറ താമസം.
27 മാസത്തിനിടെ ചെരിഞ്ഞത് 53 ആനകൾ
27 മാസം; ഇതിനിടെ ചെരിയുന്ന 53ാമത്തെ ആനയാണ് കൊമ്പൻ തിരുവമ്പാടി ശിവസുന്ദർ. അതിവേഗത്തിലാണ് ഉത്സവ പറമ്പുകളിലെ ഗജസൗന്ദര്യങ്ങൾ മായുന്നത്. ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി (ഐ.യു.സി.എസ്) ചുവപ്പുപട്ടികയിലാണിപ്പോള്‍ ആനയുടെ ഇടം. ആന സംരക്ഷണത്തിനുള്ള വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ നിര്‍ദേശങ്ങള്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാറിെൻറ ഫയലിൽ ഉറങ്ങുകയാണ്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും മനുഷ്യെൻറ പലതരത്തിലുള്ള ഇടപെടലും ആനകളുടെ സ്വാഭാവിക വംശവര്‍ധനക്ക് തടസ്സംവരുത്തി. ആനയെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും ഏറുകയാണ്. കേരളത്തില്‍ നാട്ടാനയും കാട്ടാനയും കൊല്ലപ്പെടുന്നത് കൂടിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ മാത്രം ചെരിഞ്ഞത് ഏഴ് നാട്ടാനകളാണ്. പ്രതിവര്‍ഷം കൊല്ലപ്പെടുന്ന കാട്ടാനകളുടെ എണ്ണം ശരാശരി അമ്പതാണെന്നാണ് കണക്ക്.
എവിടെ ആനസംരക്ഷണ അതോറിറ്റി
വംശനാശ ഭീഷണി ഉയരുകയും കാടുകളില്‍ മനുഷ്യ സാന്നിധ്യം ഏറുകയും ചെയ്ത സാഹചര്യത്തിലാണ് ദേശീയ ആനസംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം ഡോ. രംഗരാജൻ കമീഷൻ കേന്ദ്ര സര്‍ക്കാറിന് സമർപ്പിച്ചത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴില്‍ രൂപവത്കരിച്ച എലിഫൻറ് ടാസ്‌ക്ഫോഴ്സ്, 2010ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. കടുവകളുടെ സംരക്ഷണത്തിനായുള്ള ദേശീയ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പോലെ, നിയമാധികാരമുള്ള സമിതിയാണ് ഇതില്‍വിഭാവനം ചെയ്തിരുന്നത്. രാജ്യത്തെ 88 ആനത്താരകള്‍ ഖനനവും ജലപദ്ധതികളും വ്യവസായ സംരംഭങ്ങളും കൊണ്ട് തടസ്സപ്പെട്ടിരിക്കുകയാണെന്ന് കമീഷൻ കണ്ടെത്തിയിരുന്നു. 32 ആന സംരക്ഷണ കേന്ദ്രങ്ങള്‍ വലിയ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളാകയാല്‍ അവയുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന കൊടുക്കണമെന്ന് ചൂണ്ടിക്കാണിച്ച്, വനപാലകരും ശാസ്ത്രജ്ഞരും മൃഗഡോക്ടര്‍മാരും മറ്റും അടങ്ങിയ കര്‍മസേന രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ച കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെങ്കിൽ വൻ തുക പ്രതിവർഷം മാറ്റിവെക്കണമെന്നത് റിപ്പോർട്ടിലൊതുങ്ങി. സംസ്ഥാന വന്യജീവി ബോർഡ്, ജില്ലതല നാട്ടാന സംരക്ഷണ സമിതികളും പേരിൽ മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.