ആറളം ഫാമിൽ ആനയുടെ അസ്ഥികൂടം ചിതറിയ നിലയിൽ, സമീപം അവശനിലയിലായ കുട്ടിയാന
text_fieldsആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന
കേളകം: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറയിൽ ആനയുടെ അസ്‌ഥികൂടവും അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. ആനയുടെ അസ്ഥികൂടം ചിതറിയ നിലയിലാണ്. കുട്ടിയാനക്ക് മൂന്നു വയസ്സ് പ്രായം വരും.
വനപാലകസംഘമാണ് പെട്രോളിങ്ങിനിടെ വീണു കിടക്കുന്ന നിലയിൽ അവശയായ കുട്ടിയാനയെ കണ്ടെത്തിയത്. കുട്ടിയാന വീണുകിടന്നതിന് 100 മീറ്റർ മാറിയാണ് ആനയുടെ അസ്‌ഥികൂടം ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഫോറസ്‌റ്റ് വെറ്ററിനറി സർജന്‍റെ നിർദേശ പ്രകാരം കുട്ടിയാനക്ക് ചികിത്സ നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. ആനയെ കടുവ പോലുള്ള വന്യജീവി ഇരയാക്കിയതാണോയെന്ന് വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റു അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
കുട്ടിയാനക്ക് ആവശ്യമായ പരിചരണം നൽകിയതായും വിദഗ്‌ധ ചികിത്സ നൽകുന്നതിന് വയനാട്ടിൽനിന്ന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശനിയാഴ്ച ആറളത്തെത്തുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

