കാട്ടാനകളെ നേരിടുന്ന 'ആന പൊലീസ്'; ചരിത്രവും പരിശീലന രീതിയും
text_fieldsഇടുക്കി: കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി നാശനഷ്ടങ്ങൾ നടത്തുമ്പോഴാണ് അവയെ നേരിടാൻ എത്തുന്ന ആന പൊലീസാണ് കുങ്കിയാനകൾ. ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിലാണ് കുങ്കിയാനകൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
കുങ്കി എന്ന പേര്
'കുങ്കി' എന്ന വാക്കിന്റെ ഉത്ഭവം പേർഷ്യൻ ഭാഷയിൽ നിന്നാണ്. 'സഹായം' എന്നർഥമുള്ള 'കുമാക്' എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഈ പേരുണ്ടായത്. ബംഗാൾ മുതൽ തമിഴ്‌നാട് വരെയുള്ള ആനപാപ്പാന്മാർക്കിടയിൽ ഈ വാക്ക് പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തിയും മറ്റും പിടികൂടാൻ സഹായിച്ചിരുന്ന ആനകളെയാണ് ഇങ്ങനെ വിളിച്ചിരുന്നത്. ഇന്ന് കാടിറങ്ങുന്ന ഒറ്റയാന്മാരെ കാട്ടിലേക്ക് തുരത്താനും മയക്കുവെടി വെക്കാനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. കാട്ടാനകളെ നേരിടാനുള്ള ശാരീരികക്ഷമതയും ധൈര്യവും ഇവക്കുണ്ടാകും. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടക, അസാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവയുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്.
ദൗത്യങ്ങൾ
കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന കാട്ടാനകളെ ഭയപ്പെടുത്തി കാട്ടിലേക്ക് തിരികെ അയക്കും. നേരിട്ടുള്ള ശാരീരിക ഏറ്റുമുട്ടലുകൾ ഇല്ലാതെ, കുങ്കിയാനകളുടെ സാന്നിധ്യവും ഗന്ധവും തിരിച്ചറിഞ്ഞ് കാട്ടാനകൾ പിന്മാറാറുണ്ട്. കാട്ടിൽ കൂട്ടംതെറ്റി ഒറ്റപ്പെടുന്ന ആനക്കുട്ടികളെ സംരക്ഷിക്കാനും ചതുപ്പിലോ കിണറുകളിലോ കുഴികളിലോ വീഴുന്ന കാട്ടാനകളെ കരകയറ്റാനും കുങ്കികളെ ഉപയോഗിക്കാറുണ്ട്. ഉൾക്കാടുകളിലെ വേട്ടയാടൽ തടയുന്നതിനും വനപാലകർക്കൊപ്പം പട്രോളിങ് നടത്തുന്നതിനും ചിലയിടങ്ങളിൽ ഇവയെ ഉപയോഗിക്കുന്നു.
കുങ്കി സർവിസ്
ജനവാസ മേഖലകളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കിയാനകളായി പരിശീലിപ്പിക്കുന്നു. മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഇതിനായി നൽകുന്നത്. ചില കുങ്കിയാനകൾ ശബ്ദമുണ്ടാക്കാതെ കാട്ടിലൂടെ നീങ്ങാനുള്ള പ്രത്യേക പരിശീലനവും ലഭിക്കാറുണ്ട്. പരിശീലനം പൂർത്തിയാക്കുന്നതോടെ ആനകൾ വനംവകുപ്പിന്റെ ഔദ്യോഗിക 'കുങ്കി സർവിസിൽ' പ്രവേശിക്കും. 60 വയസ്സുവരെ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ സേവനമനുഷ്ഠിക്കും. വിരമിച്ച ശേഷം കേരളത്തിലെ ഏതെങ്കിലും ആന സങ്കേതങ്ങളിൽ വിശ്രമജീവിതം നയിക്കാം.
കുങ്കിയാന പരിശീലന കേന്ദ്രം
വയനാട്ടിലെ മുത്തങ്ങ ആന ക്യാമ്പാണ് കേരളത്തിലെ ഏക കുങ്കിയാന പരിശീലന കേന്ദ്രം. 1990-കളിൽ പ്രവർത്തനം നിലച്ച ഈ ക്യാമ്പ്, സംസ്ഥാനത്ത് കാട്ടാനശല്യം രൂക്ഷമായതോടെ പുനരാരംഭിക്കുകയായിരുന്നു. കേരളത്തിലെ ആനകളെ തമിഴ്‌നാട്ടിലെ മുതുമല (തെപ്പക്കാട്) ക്യാമ്പിലേക്ക് അയച്ചാണ് പരിശീലിപ്പിച്ചിരുന്നത്. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, സൂര്യ എന്നീ ആനകളെ മുതുമലയിലാണ് പരിശീലിപ്പിച്ചത്. പിന്നീട് വിദഗ്ധരായ പാപ്പാന്മാരുടെ സഹായത്തോടെ മുത്തങ്ങയിൽ കുങ്കി പരിശീലനം ആരംഭിക്കുകയായിരുന്നു. മുത്തങ്ങക്ക് പുറമെ കോന്നി, കോടനാട് (അഭയാരണ്യം), കോട്ടൂർ എന്നിവിടങ്ങളിലും വനംവകുപ്പിന്റെ ആന പരിപാലന കേന്ദ്രങ്ങളുണ്ട്.
പരിശീലനം
ആദ്യഘട്ടത്തിൽ ആനയെ പാപ്പാനുമായി ഇണങ്ങാനും നിർദേശങ്ങൾ അനുസരിക്കാനും പരിശീലിപ്പിക്കും. ശബ്ദസൂചനകൾക്കും ആംഗ്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ പഠിപ്പിക്കും. തുടർന്ന് മരത്തടികൾ ഉയർത്തുക, വലിക്കുക, ചങ്ങലകൾക്ക് മുകളിലൂടെ ബാലൻസ് തെറ്റാതെ നടക്കുക, ലോറിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുക തുടങ്ങിയ പരിശീലനങ്ങൾ നൽകും. കാട്ടാനകളുടെ സാന്നിധ്യത്തിൽ ഭയപ്പെടാതെ നിൽക്കാനും അവയെ പിന്തുടരാനും നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിന്റെ ഭാഗമാണ്. ആനയുടെ കഴിവും സ്വഭാവവും അനുസരിച്ച് പരിശീലനം നീളും. പാപ്പാനും ആനയും തമ്മിലുള്ള വിശ്വാസവും അടുപ്പവും വളർത്തുന്നതും പരിശീലനത്തിലെ പ്രധാന ഘടകമാണ്.

