പഴക്കടക്ക് മുന്നിൽ സഡൻ സ്റ്റോപ്പിട്ട് കൊമ്പനാന; പഠിച്ച പണി പതിനെട്ടും പയറ്റി പാപ്പാന്മാർ, ഒടുവിൽ സംഭവിച്ചത്... -VIDEO
text_fieldsമതിലകം (തൃശൂർ): ദേശീയപാത 66 മതിലകം സെന്‍ററിലായിരുന്നു അൽപ്പം കൗതുകവും ഭയപ്പാടും ഉണ്ടാക്കിയ ആ കാഴ്ച. അതുവഴി കടന്നുവന്ന കൊമ്പനാന പെട്ടെന്ന് ഒരു പഴക്കടക്ക് മുൻപിൽ റോഡിൽ നിലയുറപ്പിച്ചു. പാപ്പാൻമാർ സർവ്വ അടവുകളും പയറ്റിയിട്ടും ആന നിന്ന് തിരിയുന്നതല്ലാതെ ഒരടി മുന്നോട്ട് നീങ്ങിയില്ല. ഇതോടെ ആളുകളും കടക്കാരും വാഹനങ്ങളുമായിവന്നവരുമെല്ലാം അൽപ്പം ഭയപ്പാടിലായി. ചിലർ പിന്തിരിഞ്ഞ് പോയി. പാപ്പാൻമാരുടെ ശ്രമഫലമായി ആന റോഡരികിലേക്ക് നീങ്ങിയതിനാൽ വാഹന ഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ല.
ആനയുടെ തരക്കേട് സമീപത്തെ കടയിലെ പഴക്കുലയിൽ കണ്ണുടക്കിയാണെന്ന് മനസിലായതോടെ പപ്പാൻമാരിലൊരാൾ വന്ന് രണ്ട് പഴം എടുത്ത് തുമ്പിക്കൈയിൽ കൊടുത്തു. ഇതോടെ ആന അൽപ്പം മുന്നോട്ട് നീങ്ങിയെങ്കിലും തൊട്ടടുത്ത പച്ചക്കറി കടക്ക് മുൻപിലായി അടുത്ത നിൽപ്പ്. ഇവിടെ നിന്നും നീങ്ങായതോടെ കടക്കാരും വാഹന ഉടമകളും ഡ്രൈവർമാരുമെല്ലാം വീണ്ടും പരിഭ്രാന്തിയിലായി. പിണങ്ങിനിൽക്കുന്ന ആന അക്രമാസക്തമാകുമോയെന്ന ആശങ്കയും ബലപ്പെട്ടു.
ഇതിനിടെ രണ്ട് പേർ കുറച്ചധികം പഴം വാങ്ങി നൽകി. പഴം അകത്താക്കിയതോടെ കൊമ്പൻ അൽപ്പം ഹാപ്പിയായി. മാത്രമല്ല മുന്നോട്ട് നടന്നു നീങ്ങുകയും ചെയ്തു. ഇതോടെ ആളുകൾ ആശ്വാസത്തിലായി. എന്നാൽ കുറച്ച് നീങ്ങിയ ആന മറ്റൊരു കടയിലെ പഴക്കുലകൾക്ക് മുൻപിലും പഴയ നിലപാടെടുത്തു. എങ്കിലും കൈയ്യിലുണ്ടായ പഴം നൽകി പാപ്പാൻമാർ ആനയെ മെരുക്കി കൊണ്ടുപോയി. തുമ്പിക്കൈ എത്തിക്കാൻ സൗകര്യമുണ്ടായിട്ടും പഴക്കുലകളിലൊന്നും തൊടാൻ ആന ശ്രമിച്ചില്ല. പാപ്പാൻമാർ അതിനനുവദിച്ചതുമില്ല. ഇരുപത് മിനിറ്റോളം ആന തരക്കേട് കാട്ടിയ ശേഷമാണ് വീണ്ടും യാത്ര തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

