ആനത്താര വീണ്ടെടുത്തു; സഞ്ചാരപാത കിട്ടിയയായിവനം വകുപ്പ്
text_fieldsചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന
തൊടുപുഴ: ചിന്നക്കനാലിൽനിന്ന് മതികെട്ടാനിലേക്കുള്ള ആനത്താരയിലുണ്ടായിരുന്ന അനധികൃത കൈയേറ്റങ്ങളും വേലികളും നീക്കം ചെയ്തതോടെ ഇതുവഴി ആനകൾ സഞ്ചരിച്ച് തുടങ്ങിയതായി വനംവകുപ്പ്. സഞ്ചാരപഥം തിരികെ ലഭിച്ചതോടെ ചക്കക്കൊമ്പൻ എന്ന കാട്ടാന വർഷങ്ങൾക്ക് ശേഷം ഈ വഴിയിലൂടെ മതികെട്ടാൻ ഭാഗത്തേക്ക് മടങ്ങിയതാണ് വനം വകുപ്പിന്റെ നിരീക്ഷണം.
ഭക്ഷണവും വെള്ളവും തേടി സമീപത്തെ പുൽമേടുകളിലേക്കും വനമേഖലകളിലേക്കും പോകാൻ വഴിയില്ലാതെ വന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. സെപ്റ്റംബർ 23ന് ആനയുടെ ആക്രമണത്തിൽ പന്തടിക്കളം സ്വദേശി പുത്തൻപുരക്കൽ വിജയൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് ജനരോഷവും പ്രതിഷേധങ്ങളും ഉയർന്നുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ആനത്താരകളിലെ അനധികൃത വേലികളും നിർമ്മിതികളും പൊളിച്ചുനീക്കാൻ ഇടുക്കി കലക്ടർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
തുടർന്ന് വനം, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും തദ്ദേശവാസികളും പഞ്ചായത്ത് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ മേഖലയിലെ അനധികൃത വേലികളും സോളാർ ഫെൻസിങ്ങുകളും നീക്കാൻ തീരുമാനമായി.
വേലികൾ നീക്കിയതോടെ ചക്കക്കൊമ്പൻ സുരക്ഷിതമായി പുറത്തുകടക്കുകയും പഴയ സഞ്ചാരപഥത്തിലൂടെ മതികെട്ടാനിലേക്ക് പോവുകയും ചെയ്തു. ആനത്താര പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് പ്രദേശത്തെ വന്യജീവി സംഘർഷത്തിന് പരിഹാരമാകുമെന്നാണ് വനം വകുപ്പിന്റെ അവകാശ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

