ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പനെ ചവിട്ടി പരിക്കേൽപ്പിച്ചു
text_fieldsകളമശ്ശേരി: ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാന് പരിക്ക്. കോട്ടയത്തുനിന്ന് ഏലൂരിൽ ഉത്സവത്തിന് കൊണ്ടുവന്ന പുതുപ്പള്ളി അർജുൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ എരുമേലി ഏലപ്പടി പുഞ്ചേക്കാട് പി.എൻ. പ്രസാദാണ് (48) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഏലൂരിലെ നാറാണത്ത് അമ്പലത്തിൽ രാവിലെ 11.30ഓടെയാണ് സംഭവം. 10 ദിവസമായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് കൊണ്ടുവന്ന ആന സമീപവാസിയായ അനിൽകുമാറിെൻറ വീട്ടുമുറ്റത്ത് വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടഞ്ഞത്. പിൻകാലുകൊണ്ട് പാപ്പാനെ തട്ടിവീഴ്ത്തി കാലിൽ ചവിട്ടി. വീണുപോയ പാപ്പാനെ കുത്താൻ ശ്രമിച്ചു. പ്രസാദ് ഉരുണ്ടുമാറിയതുകൊണ്ട് കുത്ത് ഏൽക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ആനയുടെ കുത്തുകൊണ്ട് വീട്ടുമുറ്റത്തെ ടൈൽ തകർന്നു. ഇതിനിടെ പല പ്രാവശ്യം ആന പാപ്പാനെ പിൻകാലുകൊണ്ട് തട്ടി കൊമ്പിന് മുന്നിലേക്ക് ഇടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം രണ്ടാം പാപ്പാനും സഹായികളും കൂടി പ്രസാദിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പ്രസാദിെൻറ കാലിന് ഒടിവുണ്ട്. ആനയെ വെള്ളം ഒഴിച്ച് തണുപ്പിച്ച് കൂച്ചുവിലങ്ങിട്ട് വീട്ടുമുറ്റത്തെ മരത്തിൽ തളച്ചു.
എഴുന്നള്ളിപ്പിൽ പങ്കെടുത്ത ആന തലേദിവസം ഉറങ്ങിയിരുന്നിെല്ലന്നാണ് നാട്ടുകാർ പറഞ്ഞത്. രാത്രി മുഴുവൻ അസ്വസ്ഥനായിരുന്നുവെന്നും പറയപ്പെടുന്നു. ഏലൂർ പൊലീസും ഏലൂർ അഗ്നിരക്ഷ നിലയത്തിൽനിന്നുള്ളവരും സംഭവസ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷൻ ഓഫിസർ ജൂഡ് തദേവൂസ്, ഇൻചാർജ് എം.വി. സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലുള്ള യൂനിറ്റ് അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
