'ചേട്ടന് കാലിന് ഒരുവിരലില്ല, കസേരയിലിരുന്ന് ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു, ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണുപോയി'; മരിച്ച രാജന്റെ സഹോദരൻ
text_fieldsകോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം വിവരിച്ച് സംഭവത്തിൽ മരിച്ച രാജന്റെ സഹോദരൻ.
കാലിൽ ഒരു വിരലില്ലാത്ത തന്റെ ചേട്ടന് ആ സമയത്ത് ഒാടി രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും കൂടെയുണ്ടായിരുന്നെങ്കിലും ചേട്ടനെ രക്ഷപ്പെടുത്താനായില്ലെന്നും മരിച്ച രാജന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
'വൈകിട്ട് മൂന്നരയോടെയാണ് ഞാനും ചേട്ടനും ക്ഷേത്രത്തിലേക്ക് പോയത്. ചേട്ടന് കാലിന് ഒരു വിരലില്ല, നിൽക്കാൻ പ്രയാസമായതിനാൽ ദേവസ്വം ഓഫീസിൻ്റെ സമീപം കസേരയിട്ട് അവിടെ ഇരുത്തുകയായിരുന്നു. ഞാനും തൊട്ടിപ്പുറത്ത് നിന്നു. ചേട്ടൻ ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു. അപ്പോഴാണ് പിറകിലുള്ള ആന മുന്നിലുള്ള ആനയെ കുത്തുന്നത്. ഞാൻ പടിഞ്ഞാറോട്ട് ഓടിയെങ്കിലും ചേട്ടൻ വീണുപോയി. പിന്നീട് വന്നു നോക്കുമ്പോൾ ചേട്ടനെ കണ്ടില്ല. പിന്നീട് കെട്ടിടത്തിനടിയിൽ നിന്നാണ് കിട്ടുന്നത്. എഴുന്നേൽപ്പിച്ച് വെള്ളമൊക്കെ കൊടുത്തു, അപ്പോഴേക്കും'- രാജന്റെ സഹോദരൻ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളാണ് വിരണ്ടത്.
സംഭവത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നുപേരാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുറുവങ്ങാട് വട്ടാങ്കണ്ടി താഴെ ലീല (68), താഴത്തേടത്ത് അമ്മു അമ്മ (78), വടക്കയില്‍ രാജന് (68) എന്നിവരാണ് മരിച്ചത്.
ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.
കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

