പീക്ക് അവറുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; പ്രകൃതി ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: പീക്ക് സമയങ്ങളിൽ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പുതിയ ഹൈഡൽ പ്രോജക്ടുകൾ വരുകയെന്നത് മാത്രമാണ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന കെ.എസ്.ഇ.ബി തീരുമാനം പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് വിചാരിച്ചില്ല. ഉഷ്ണതരംഗവും യുദ്ധവുമൊന്നും മുൻകൂട്ടി കാണാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധി നേരിടുന്നത്. 250 മെഗാവാൾട്ടിന്റെ അനുമതി കിട്ടിയിട്ടുണ്ട്. ഇത്രയും നാളും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓവർ ലോഡ് വരുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ്. ഇന്ന് മഴ പെയ്തതിൽ സന്തോഷമുണ്ട്. അത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഉൽപാദന വർധനവ് മാത്രമാണ് രക്ഷ. എന്നാൽ, ഒരു ഹൈഡൽ പ്രോജക്ടും നടത്താൻ സമ്മതിക്കില്ല. ഹൈഡൽ പ്രോജക്ടുകൾ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി. ബുധനാഴ്ച മുതൽ വൈകീട്ട് ആറിനും രാത്രി 12നും ഇടയിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നടന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോഡ്ഷെഡിങ് എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 30 മിനിറ്റ് വരെ ഫീഡറുകൾ ഓഫ്ചെയ്തിരുന്നു. അത് ലോഡ് ഷെഡിങ്ങല്ലെന്നും പീക് ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായ നിയന്ത്രണമെന്നുമാണ് കെ.എസ്.ഇ.ബി പറഞ്ഞിരുന്നത്. ബുധനാഴ്ചയിലെ അറിയിപ്പോടെ ലോഡ്ഷെഡിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത 10 വർഷം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സർക്കാറിന്‍റെ അവസാനകാലത്താണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വൈകിട്ട് ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങും എ.സി ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ സ്റ്റൗ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായതെന്ന് ഉന്നതതല യോഗം വിലയിരുത്തി.
വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിന് എനർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

