വൈദ്യുതി മോഷണം; മൂന്നുമാസത്തിനിടെ 50, ഒരുവർഷത്തിനിടെ 293 കേസുകൾ
text_fieldsകോട്ടയം: കഴിഞ്ഞ മൂന്നുമാസത്തിനിടെ കണ്ടെത്തിയത് 50 വൈദ്യൂതി മോഷണങ്ങൾ, ഒരുവർഷത്തിനിടെ 293 കേസുകൾ. ജില്ലയിൽ വൈദ്യുതി മോഷണം വർധിക്കുന്നു. ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് 50 കേസുകൾ രജിസ്റ്റർ ചെയ്തത്. 2022 ഒക്ടോബർ മുതൽ കഴിഞ്ഞമാസം വരെയുള്ള ഒരുവർഷത്തിനിടെ 293 കേസുകളാണ് പിടികൂടിയത്.
ഇവരിൽ ഒരോത്തരും അനധികൃതമായി എത്ര വൈദ്യുതി എടുത്തിട്ടുണ്ടെന്ന് കണക്കാക്കി നിലവിലുള്ള ചാർജിന്റെ ഇരട്ടി പിഴയായി ഈടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരുവർഷം പിടികൂടിയ കേസുകളിലായി 5.39 കോടി ഈടാക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെ 1.67 കോടിയാണ് കെ.എസ്.ഇ.ബി കണക്കാക്കിയിരിക്കുന്നത്. ക്രമക്കേട് നടത്തിയവർക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, ചിലർ പിഴ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
വ്യവസായ സ്ഥാപനങ്ങളിലാണ് സ്ക്വാഡ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും പൂർണമായി മാറിയിട്ടില്ല. ഡിജിറ്റൽ വൈദ്യുതി മീറ്ററുകളായതിനാൽ പുതിയ രീതികളാണ് തട്ടിപ്പ് നടക്കുന്നത്.
പുതിയ മീറ്ററുകളിൽ എക്സറേ ഫിലിം ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ സാധിക്കില്ല. അതിനാൽ, ഇപ്പോൾ മീറ്ററുകളുടെ ഇൻകമിങ് ലൈനിൽനിന്നും സർവിസ് വയറിൽനിന്നും നേരിട്ട് വൈദ്യുതി മോഷണം നടത്തുകയാണ് രീതി. നേരിട്ട് ലൈനുകളിൽനിന്ന് വൈദ്യുതി ചോർത്തുന്നതിനാൽ ഇത് റീഡിങ് മീറ്ററിൽ രേഖപ്പെടുത്തില്ല. ഇത്തരത്തിൽ വലിയതോതിലാണ് പലരും വൈദ്യുതി ചോർത്തിയിരിക്കുന്നത്.
മനഃപൂർവം നടത്തുന്ന മോഷണത്തിനൊപ്പം നടപടിക്രമങ്ങളുടെ വ്യക്തമായ അറിവില്ലാത്തതുമൂലവും ചിലർ ഇതിൽ കുടുങ്ങാറുണ്ടെന്നും ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗത്തിൽ വരുത്തുന്ന ക്രമക്കേടുകളാണ് മോഷണത്തിന്റെ പരിധിയിൽ വരുന്നതെന്ന് അധികൃതർ പറയുന്നു.
വൈദ്യുതി ഉപയോഗം സംബന്ധിച്ച നടപടിക്രമങ്ങളിൽ ശരിയേത്, തെറ്റേതെന്ന് തരിച്ചറിയാത്ത അവസ്ഥയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോട്ടയം പൂവൻതുരുത്തിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിലാണ് ജില്ലയിലെ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്. വൈദ്യുതി മോഷണമോ മറ്റു ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും ഇവർ പറയുന്നു.
എന്താണ് വൈദ്യുതി മോഷണം ?
കോട്ടയം: ലൈനുകളിൽനിന്നോ സർവിസ് വയറുകളിൽനിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളിൽനിന്നോ മീറ്ററിൽ രേഖപ്പെടുത്താത്ത തരത്തിൽ ടാപ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതി മോഷണമാണ്.
വൈദ്യുതി മീറ്ററുകളിലോ അനുബന്ധ മീറ്ററിങ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ മീറ്റർ ഉപയോഗശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താതിരിക്കുന്നത്.
ഉയർന്ന വോൾട്ടേജ് കടത്തിവിടുക, വിദൂര വിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കൾ മീറ്ററിന്റെ സർക്യൂട്ട് ബോർഡിൽ ഘടിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ വൈദ്യുതി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.
അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാതെയും ദുരുദ്ദേശ്യപരമായും മീറ്ററിൽ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങൾക്കായി വൈദ്യുതി ദുരുപയോഗം ചെയ്യുന്നത്.
മൂന്നുവർഷം വരെ തടവ്
കോട്ടയം: മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വൈദ്യുതി മോഷണം. കണ്ടുപിടിച്ചാൽ ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവ് ലഭിക്കാം. അറിയാതെ വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാകും. ഇത്തരത്തിൽ തെറ്റുതിരുത്താൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
മോഷണം അറിയിക്കാം; വിവരം നൽകുന്നവർക്ക് പ്രതിഫലം
വൈദ്യുതി മോഷണമോ ദുരുപയോഗമോ ശ്രദ്ധയിൽപെട്ടാൽ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിനെ വിവരം അറിയിക്കാം. വിവരം നൽകുന്നവർക്ക് കെ.എസ്.ഇ.ബി പ്രതിഫലവും നൽകും. വൈദ്യുതി മോഷ്ടിച്ചെന്ന് തെളിഞ്ഞാൽ അത്തരം ഉപഭോക്താക്കൾക്ക് ചുമത്തുന്ന പിഴയുടെ അഞ്ചു ശതമാനമോ 50,000 രൂപയോ ഏതാണ് കുറവ് അത് പ്രതിഫലമായി നൽകും. മോഷണം അറിയിക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കെ.എസ്.ഇ.ബി പറയുന്നു. എല്ലാ ജില്ലയിലും പവർ തെഫ്റ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്.
രഹസ്യവിവരം ലഭിക്കുന്നതനുസരിച്ചും ബില്ലുകൾ വിലയിരുത്തിയുമാണ് ഇവർ പരിശോധനകൾ നടത്തുന്നത്. വിവിധ മാസങ്ങളിലെ വൈദ്യുതി ബില്ലുകൾ വിലയിരുത്തി ക്രമക്കേട് നടക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന. വിവിധ മാസങ്ങളിലായി ജില്ലയുടെ എല്ലാ കെ.എസ്.ഇ.ബി ഓഫിസ് പരിധികളിലെയും തെരഞ്ഞെടുക്കുന്ന ബില്ലുകൾ ഇവർ പരിശോധിക്കും. സംശയം തോന്നുന്ന ചില ബില്ലുകൾ തുടർച്ചയായും പരിശോധനക്ക് വിധേയമാക്കും.
മോഷണം അറിയിക്കേണ്ട നമ്പർ: തിരുവനന്തപുരം: 0471- 2444554, 9496018700, കോട്ടയം: 0481-2340250.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

