കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഇന്നലെ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചുവെന്ന് മന്ത്രി വീണ ജോർജ്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഭാഗീകമായും മറ്റ് ആറ് നിലകളിലും പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ എടുത്ത തീരുമാനം കൂടിയാണിത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സ്ഥാപിച്ചിരുന്ന എം.ആർ.ഐ മെഷീന്റെ യു.പി.എസ് മുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. 2026 ഒക്ടോബര്‍ മാസം വരെ വാറണ്ടി ഉള്ളതാണ് എം.ആർ.ഐ മെഷീനും യു.പി.എസും (ഫിലിപ്‌സിന്റെ മെഷീന്‍). ഫിലിപ്‌സ് നിയോഗിച്ച ഏജന്‍സി തന്നെയാണ് യു.പി.എസിന്റേയും മെയിന്റനന്‍സ് നടത്തുന്നതും.

ആറ് മാസത്തില്‍ ഒരിക്കല്‍ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവര്‍ ഫിലിപ്‌സിന് റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ കോളജിനും കോപ്പി നല്‍കും. ആ റിപ്പോര്‍ട്ട് കൃത്യമായി മെഡിക്കല്‍ കോളജിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍ സൂക്ഷിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യു.പി.എസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.
സാങ്കേതിക അന്വേഷണത്തിലൂടെ സംഭവത്തിന്റെ കാരണം കൃത്യമായി കണ്ടെത്തണം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതേസമയം എമര്‍ജന്‍സി വിഭാഗത്തില്‍ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം സമഗ്ര അന്വേഷണം നടത്തും.
151 രോഗികളെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയത്. 114 പേരെ മെഡിക്കല്‍ കോളജിലെ തന്നെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. 12 പേര്‍ ജനറല്‍ ആശുപത്രിയിലാണ്. എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയ 25 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. എല്ലാവര്‍ക്കും കൃത്യമായി ചികിത്സ ലഭിക്കുന്നു എന്നത് ഡോക്ടര്‍മാരുടെ സംഘം ഉറപ്പാക്കും.
എമര്‍ജന്‍സി ചികിത്സ ആവശ്യമുള്ളവര്‍ക്ക് ബീച്ച് ആശുപത്രി കാഷ്വാലിറ്റിയില്‍ അതുറപ്പാക്കും. മെഡിക്കല്‍ കോളജിലെ പഴയ കാഷ്വാലിറ്റി സജ്ജമാക്കി നാളെ രാവിലെ മുതല്‍ അടിയന്തര ചികിത്സ അവിടെ ഉറപ്പാക്കുന്നതാണ്. സംഭവം ഉണ്ടായ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.
വൈദ്യുതി പുന:സ്ഥാപിച്ച സര്‍ജറി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും ഇപ്പോള്‍ എടുത്ത ചിത്രങ്ങളും രാവിലെ നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളുമാണ് മന്ത്രി പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

