വൈദ്യുതി വാങ്ങൽ: സർക്കാറും കെ.എസ്.ഇ.ബിയും രണ്ടുതട്ടിൽ
text_fieldsതിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ കെ.എസ്.ഇ.ബിയും സര്ക്കാറും രണ്ടുതട്ടിൽ. സംസ്ഥാനം വീണ്ടും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും എവിടെനിന്ന് വൈദ്യുതി വാങ്ങണമെന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നില്ല. ഹിമാചലിൽനിന്ന് വാങ്ങണോ, അതോ സ്വകാര്യ കമ്പനിയുടെ വൈദ്യുതി വാങ്ങണോ എന്നതിലാണ് മുഖ്യമായും വിയോജിപ്പ് തുടരുന്നത്.
ഹിമാചലിൽനിന്ന് വാങ്ങുന്നതിൽ കെ.എസ്.ഇ.ബിക്ക് അനുകൂല നിലപാട്. സർക്കാറുകൾ തമ്മിലെ ഇടപാടായതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്നാണ് വാദം. എന്നാൽ, ഹിമാചൽ വൈദ്യുതിക്ക് നിലവിൽ നിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൂടുതൽ തുക നൽകി അവിടെനിന്ന് വാങ്ങുന്നതിനേക്കാൾ സ്വകാര്യ കമ്പനിയുടെ കാര്യത്തിലാണ് സർക്കാറിന് താൽപര്യമെന്നും ചൂണ്ടിക്കാട്ടുന്നു. ജി.എൻ.എ പ്രൈവറ്റ് ലിമിറ്റഡ് 500 മെഗാവാട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോഡ് ഷെഡിങ് ഒഴിവാക്കാൻ തത്സമയ വിപണി കനിയണം.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കിട്ടാവുന്നിടത്ത് നിന്നെല്ലാം വാങ്ങാനാണ് ശ്രമം. ഉത്തരേന്ത്യയിൽ തണുപ്പ് കാലമാകുമ്പോൾ അവിടെ ഉപയോഗം കുറയും. ഇതോടെ കേരളത്തിന് വൈദ്യുതി കിട്ടാൻ സാധ്യത കൂടും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും മന്ത്രി പറഞ്ഞു. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടത്തുകയാണ്. സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

