പവര്‍കട്ട് ഒഴിവാക്കാന്‍ ‘ത്രൈമാസ വാങ്ങല്‍’ കരാര്‍
text_fieldsകൊച്ചി: വരള്‍ച്ച സൂചനകള്‍ വ്യക്തമായിരിക്കെ, സംസ്ഥാനം ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി. മഴക്കുറവ് വരുത്തിവെക്കുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മാത്രം കൊടുംവേനലിലേക്ക് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങാനും നേരത്തേ പരിഗണനയിലുള്ള സ്വകാര്യ വൈദ്യുതി വാങ്ങല്‍ തടസ്സം നീക്കാന്‍ ശ്രമിക്കാനുമാണ് ബോര്‍ഡ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാത്രമായാണ് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങുക. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി ഉള്‍പ്പെടെ പരീക്ഷകള്‍ വരാനിരിക്കെ പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകില്ളെന്ന് ഉറപ്പാക്കാനാണ് വേനല്‍ക്കാല പാക്കേജിലൂടെ വൈദ്യുതി വാങ്ങാന്‍ അടിയന്തര നടപടിയെടുത്തതെന്ന് വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ ദിനേന മുഴുവന്‍ സമയത്തേക്കും 100 മെഗാവാട്ട് വീതവും വൈകുന്നേരം ആറുമുതല്‍ രാത്രി 10 വരെ പീക്ക് സമയത്ത് 100 മെഗാവാട്ടുമാണ് വാങ്ങുക.
കാലവര്‍ഷം കുറഞ്ഞെങ്കിലും തുലാവര്‍ഷം ഇത് നികത്തിയേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇത് സാധ്യമാകില്ളെന്ന സ്ഥിതിയും കേരളം വരള്‍ച്ചയിലേക്കെന്ന റിപ്പോര്‍ട്ടും ബോര്‍ഡ് കണക്കിലെടുത്തു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ഇപ്പോള്‍ ഡാമുകളില്‍ ഉണ്ടായിരിക്കേണ്ട ജലത്തിന്‍െറ അളവില്‍ 45 ശതമാനത്തിന്‍െറ കുറവുണ്ട്. മഴ ലഭ്യത ശരാശരി 55 ശതമാനം മാത്രവുമാണ്. സംസ്ഥാനത്താകെ 34 ശതമാനം മഴ കുറവാണ് ലഭിച്ചത്. ജില്ല തിരിച്ചാണെങ്കില്‍ 59 ശതമാനം വരെ മഴക്കുറവ് ലഭിച്ച പ്രദേശങ്ങളുണ്ട്. ഒക്ടോബറില്‍ പെയ്യേണ്ട മഴ കിട്ടിയില്ല. നവംബറില്‍ ലഭിക്കാന്‍ സാധ്യത കുറവുമാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് വരള്‍ച്ച മുന്നില്‍ക്കണ്ട് നടപടി നീക്കിയത്.
നേരത്തേ ഉണ്ടാക്കിയ കരാര്‍ പ്രകാരം നവംബര്‍ മുതല്‍ 465 മെഗാവാട്ടും 2017 ഒക്ടോബര്‍ മുതല്‍ 400 മെഗാവാട്ടും വൈദ്യുതി സ്വകാര്യ മേഖലയില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ച് തുടങ്ങേണ്ടതാണ്. എന്നാല്‍, 25 വര്‍ഷത്തേക്ക് പുറമെനിന്ന് സ്വകാര്യ വൈദ്യുതി വാങ്ങാന്‍ 865 മെഗാവാട്ടിന്‍െറ ദീര്‍ഘകാല കരാറില്‍ 565 മെഗാവാട്ടിന്‍െറ ഇടപാട് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്. ആകെ വേണ്ട വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് സംസ്ഥാനത്തെ ഉല്‍പാദനമെന്നിരിക്കെ ഈ കുറവ് പരിഹരിക്കാനാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത്. ചില നിബന്ധനകള്‍ പാലിച്ചില്ളെന്ന പേരില്‍ റെഗുലേറ്ററി കമീഷന്‍ ഇടപെട്ടതോടെയാണ് കരാര്‍ അനിശ്ചിതത്വത്തിലായത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറും ബോര്‍ഡും സംയുക്ത നീക്കത്തിലാണ്. അതിനിടെയാണ് മഴക്കുറവ് മൂലമുണ്ടായ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
