നാലുവർഷത്തേക്ക് നിരക്ക് വർധന; ശിപാർശ നൽകിയെന്ന് വൈദ്യുതി മന്ത്രി
text_fieldsrepresentational image
തിരുവനന്തപുരം: 2023-2024 മുതൽ 2026-27 വരെ നാല് സാമ്പത്തിക വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന് കെ.എസ്.ഇ.ബി ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. 2002 മുതൽ 2022 വരെ കാലയളവിൽ ആറ് തവണയാണ് നിരക്ക് വർധിപ്പിച്ചത്. ഈ താരിഫ് പരിഷ്കരണങ്ങളൊന്നും നിലവിലുണ്ടായിരുന്ന റവന്യൂ കമ്മി പൂർണമായി നികത്തുന്നതരത്തിലായിരുന്നില്ലെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കമീഷൻ അംഗീകരിച്ചതും എന്നാൽ 2020-2021 വരെ താരിഫിലൂടെ നികത്താത്തതുമായ 7124 കോടി രൂപ റവന്യൂ കമ്മിയായി നിലനിൽക്കുകയാണ്. ഈ മുൻകാല കമ്മി കുറഞ്ഞയളവിലെങ്കിലും നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയെയും നിലനിൽപിനെയും ദോഷകരമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ രേഖാമൂലമുള്ള വിശദീകരണം.
2016 ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വർഷം കൊണ്ട് പലിശയടക്കം നികത്തിയെടുക്കേണ്ടതാണ്. 2022-2023 ലെ റവന്യൂ വിടവ് 1927.20 കോടിയാണെങ്കിലും 1010.94 കോടി രൂപയാണ് താരിഫിലൂടെ ഈടാക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകിയത്. താരിഫ് പരിഷ്കരണത്തിലൂടെ നികത്തിയില്ലെങ്കിൽ ചെലവിനങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.
പ്രവൃത്തി പരിപാലന ചെലവുകൾ, അവശ്യം വേണ്ട മൂലധന നിക്ഷേപങ്ങൾ, വൈദ്യുതി വാങ്ങൽ ചെലവുകൾ എന്നിവയും റവന്യൂ വിടവ് വർധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2023 മുതൽ 2027 വരെ കാലയളവിൽ നിരക്ക് വർധിപ്പിക്കുന്നതിന് റെഗുലേറ്ററി കമീഷന് അപേക്ഷ നൽകാൻ കെ.എസ്.ഇ.ബി തീരുമാനിച്ചതെന്നും മന്ത്രി നിയമസഭ മറുപടിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

