Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം; കുത്തനെ താഴ്ന്ന് ജലനിരപ്പ്

text_fields
bookmark_border
High Electricity Consumption
cancel

മൂലമറ്റം: വേനൽ ചൂട് അസഹ്യമായതോടെ സംസ്ഥാനത്ത വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്തെ മൊത്ത ഉപയോഗം 112.1617 ദശലക്ഷം യൂനിറ്റാണ്. ഇത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ഉപയോഗമാണ്. 2025 മേയ് മൂന്നിലെ 115.948 ദശലക്ഷം യൂനിറ്റാണ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗം. ഇത് ഇത്തവണ മറികടക്കാനാണ് സാധ്യത.

ഓരോ വർഷവും മുൻവർഷത്തേക്കാൾ അഞ്ച് ശതമാനത്തോളം വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്. ഉപയോഗം ഉയർന്നാലും തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി വകുപ്പ്. 6,000 മെഗാവാട്ടിന് മുകളിൽ ഉപയോഗം ഉയർന്നാലും നേരിടാൻ വൈദ്യുതി വകുപ്പിന് കഴിയുമെന്നാണ് പറയുന്നത്.

ഏപ്രിലിൽ 5,800 മെഗാവാട്ട്, മേയ് 10നകം 6,000 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതി ലഭ്യമാക്കാൻ നടപടി പൂർത്തിയാക്കി. ആഭ്യന്തര ഉൽപാദനത്തിന് പുറമെയാണിത്.

പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി വൈദ്യുതി വകുപ്പ് ‘ബാങ്കിങ് കരാറി’ൽ ഏർപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം മിച്ചമുള്ള സമയത്ത് നൽകിയ വൈദ്യുതി ഇപ്പോൾ തിരികെ വാങ്ങുകയാണ്.

അതേസമയം, വേനൽ ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു തുടങ്ങി. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതുപയോഗിച്ച് 1529.314 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ കഴിയും. 2022നുശേഷം ഇത്രയും ജലനിരപ്പ് കുറയുന്നത് ഇതാദ്യമാണ്.

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ മാസം 18 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലമ്പുഴ അണക്കെട്ട് പരിസരത്താണ് ചൊവ്വാഴ്ച ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 27.3 ഡിഗ്രിയും ആർദ്രത 36 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും മലമ്പുഴ പരിസരത്ത് ഉയർന്ന താപനില 40.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപനില ചൊവ്വാഴ്ച 39 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

താപനില 40 ഡിഗ്രിയിലെത്തിയതോടെ പകൽ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High electricity consumptionTemperature Warning
News Summary - Electricity consumption soars in the state; water levels drop sharply
Next Story