വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. നിലവിലെ താത്കാലിക പ്രതിസന്ധി മറികടക്കാൻ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹന ചാർജിങ്ങും വൈകീട്ട് ആറ് മണിക്ക് ശേഷം ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് മാറ്റണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്തും പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 117.16 ദശലക്ഷം യൂനിറ്റിലെത്തി. വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയുള്ള സമയത്തെ വൈദ്യുതി ആവശ്യകതയും ആദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10.30ഓടെ വൈദ്യുതി ആവശ്യകത ഒരു മിനിറ്റത്തേക്ക് 6195 മെഗാവാട്ട് വരെ എത്തി പുതിയ റെക്കോർഡിട്ടു.
പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വൈദ്യുതി ആവശ്യകത നിലവിലുണ്ടെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ അശ്രാന്ത പരിശ്രമത്തിലാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ-വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണ്. ഇതിനാൽ ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമം ശൃംഖലാ പുനക്രമീകരണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ക്രമീകരണങ്ങൾ വഴി ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാമെന്നും കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

