തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓർഡർ എന്ന സോഫ്റ്റ്വെയർ മുഖേനയാണു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
മതിയായ കാരണങ്ങളാൽ ഒരു ജീവനക്കാരനു പോളിങ് ഡ്യൂട്ടി ചെയ്യാനാകാത്ത സാഹചര്യമുണ്ടായാൽ സോഫ്റ്റ് വെയറിലെ ഡാറ്റാ എൻട്രി സമയത്തുതന്നെ കാരണം വ്യക്തമാക്കുന്നതിനുള്ള അവസരം സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നൽകുന്ന വിവരങ്ങളുടെ കൃത്യത അനുബന്ധരേഖകളും ഓഫിസ് രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു സ്ഥാപനത്തിന്റെ മേധാവിയുടെയും നോഡൽ ഓഫീസറുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ഗുരുതരമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതവും,പങ്കാളികൾക്ക് ഇരുവർക്കും പോളിങ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള പക്ഷം അതിൽ ആവശ്യമെങ്കിൽ ഒരാളെ ഒഴിവാക്കുന്നതിന് നിയമന ഉത്തരവുകൾ സഹിതവും, തിരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നവർക്ക് നിയമനം ലഭിക്കുന്നപക്ഷം നിയമന ഉത്തരവ് സഹിതവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കലക്ടർ) നിയന്ത്രണത്തിലുള്ള ഡിസ്ട്രിക് ഓർഡർ സെല്ലിൽ നിയമന ഉത്തരവിലെ പരിശീലന തീയതിക്കു മുമ്പായി പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തുന്ന സബ് കളക്ടർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർ ചുമതലപ്പെടുത്തുന്ന മെഡിക്കൽ ഓഫീസർ, ഇലക്ഷൻ മാൻപവർ മാനേജ്മെന്റിന്റെ ജില്ലാ നോഡൽ ഓഫീസർ, ഓർഡർ സോഫ്റ്റ് വെയറിന്റെ ജില്ലാ നോഡൽ ഓഫീസർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഓർഡർ സെൽ ഈ അപേക്ഷകൾ പരിശോധിക്കും.
അപേക്ഷകളിൽ ഈ സമിതി അടുത്ത ഘട്ടം റാൻഡമൈസേഷനു മുമ്പായി തീരുമാനമെടുക്കേണ്ടതും തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിവാക്കിയവരുടെ വിവരങ്ങൾ അതത് ദിവസം വൈകുന്നേരം ആറു മണിയ്ക്ക് മുമ്പായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) പ്രസിദ്ധീകരിക്കണം.
നിശ്ചിത സമയപരിധിക്കകം ലഭിക്കുന്ന മുഴുവൻ അപേക്ഷകളും ഈ സമിതി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം കൈക്കൊള്ളണം. അംഗങ്ങൾ ഒപ്പുവച്ച കമ്മിറ്റിയുടെ തീരുമാനം പ്രത്യേകം ഫയലാക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ സൂക്ഷിക്കണം. അടിയന്തരവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥനെ ഒഴിവാക്കുന്നതിന് സ്ഥാപന മേലധികാരി/നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡിസ്ട്രിക് ഓർഡർ സെൽ മുമ്പാകെ സമർപ്പിക്കണം.
പല ഓഫീസ് മേധാവികളുടെയും / നോഡൽ ഓഫീസർമാരുടെയും ഭാഗത്തുനിന്നും ജീവനക്കാരുടെ വിവരങ്ങൾ ചേർക്കുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തരമായി ഗ്രാമ പഞ്ചായത്ത്/ മുൻസിപ്പൽ / മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാരുടെ സഹായത്തോടെ പരിശോധിക്കേണ്ടതും വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ മേലധികാരി/നോഡൽ ഓഫീസർക്ക് എതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി ആരംഭിക്കേണ്ടതും സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവു പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

