തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരമെന്ന് സൂചന; വിജ്ഞാപനം മാർച്ചിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കുമെന്ന് സൂചന. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും.
ഇത് സംബന്ധിച്ച ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. കേരളവും ബംഗാളും അടക്കം അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗമാണ് തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്നത്. സി.ഇ.ഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പിയും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്. 2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതനുസരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്ത് എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തിൽ പരമാവധി 1150 പേരെ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരിച്ചത്. ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് സാഹചര്യത്തിൽ, പ്രധാന ബൂത്തുകൾക്ക് (25,041) പുറമേ ഓക്സിലറി ബൂത്തുകൾ (15,730) ഉൾപ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്.
2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2026 രാജ്യത്തിന് ഒരു സമ്പൂർണ തെരഞ്ഞെടുപ്പ് വർഷമായാണ് കണക്കാക്കപ്പെടുന്നത്. കിഴക്കൻ ഇന്ത്യയിലെ പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിലെ പുതുച്ചേരി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

