തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഉരുൾദുരുന്ത ബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ
text_fieldsകല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തമുണ്ടായി 20 മാസം പൂർത്തിയാകാറായിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതത്വത്തിലായത് എൽ.ഡി.എഫ് സർക്കാറിന് വലിയ തിരിച്ചടിയാകും. 173 ദുരന്തബാധിതരെകൂടി ലിസ്റ്റിൽ ഉൾപ്പെടുത്താനുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി അടക്കമുള്ളവർ പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു ജില്ല ഭരണ കൂടം അറിയിച്ചിരുന്നത്. അന്തിമപട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രിയുൾപ്പെടെയുള്ളവരും അന്ന് വാഗ്ദാനം ചെയ്തിരുന്നു.
നിലവിൽ 410 വീടുകൾ ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്നുണ്ട്. 451 പേർ ഗുണഭോക്തൃ ലിസ്റ്റിൽ ഇടംനേടിയതിൽ ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയതോടെ പട്ടിക 347 ആയി ചുരുങ്ങി. ലിസ്റ്റിലുള്ളതിനേക്കാളും 63 വീടുകൾ ടൗൺഷിപ്പിൽ അധികമായി നിർമിക്കുന്നുണ്ടെരിക്കെ, പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്താൻ അധികൃതർ തയാറാവാത്തത് എന്തുകൊണ്ടാണെന്നാണ് ദുരന്തബാധിതർ ചോദിക്കുന്നത്. അര്‍ഹരായ പലരും പട്ടികയില്‍നിന്ന് പുറത്തായതോടെ പലതവണയായി ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും അദാലത്ത് നടത്തുകയും ചെയ്തിരുന്നു. അർഹരായിട്ടും ലിസ്റ്റിൽനിന്ന് പുറത്തായവരെ പുതുതായി ചേര്‍ക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാറിനോട് ശിപാര്‍ശ നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പാടികള്‍ എന്ന് പരാമര്‍ശിക്കാത്തതിനാൽ പട്ടികയിൽനിന്ന് എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് പുറത്തായത്.നിലവിലുള്ള ഗുണഭോക്തൃ പട്ടികയെ കുറിച്ചും വ്യാപക പരാതികളാണ് ഉയർന്നത്. അനർഹരെ പട്ടികയിൽ തിരുകിക്കയറ്റിയെന്ന ആരോപണവുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ദുരന്തമേഖലയിൽ താമസിച്ചിരുന്നവർ പോലും പട്ടികയിൽ ഇടംനേടി. ഒരേ റേഷൻ കാർഡിൽ ഉള്ള രണ്ടുപേർക്ക് രണ്ടു വീടുകൾ ലഭിച്ചപ്പോൾ എട്ടുപേരുള്ള ഒരു കുടുംബത്തിന് രണ്ടു മുറിയുള്ള ഒറ്റ വീടാണ് അനുവദിച്ചത്. അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ ലിസ്റ്റിൽ 12 പേരും അനർഹരാണെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചിരുന്നു. ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജില്‍ സർക്കാർ കണ്ടെത്തിയ ഭൂമിയിൽ ഇതുവരെ വീട് നിർമാണത്തിനാവശ്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 178 വീടുകളെ കൈമാറ്റം കഴിഞ്ഞ ദിവസം നടന്നിരുന്നുവെങ്കിലും ഒരു വീട്ടിൽപോലും ദുരന്തബാധിതർക്ക് ഇതുവരെ താമസം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വീടുകളുടെയും ഡ്രൈനേജുകളുടെയും ഉൾപ്പെടെ പണി പൂർത്തീകരിക്കാതെ ഉദ്ഘാടന മാമാങ്കം നടത്തുകയായിരുന്നുവെന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

