തെരഞ്ഞെടുപ്പ് നൽകി, 1783 ടൺ മാലിന്യം -നിയമം ലംഘിച്ചവർക്ക് 46.26 ലക്ഷം രൂപ പിഴ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങളും വോട്ടെടുപ്പും പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ബാക്കിയായത് 1,783 ടൺ മാലിന്യം. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം ശുചിത്വമിഷൻ ഓരോ തദ്ദേശസ്ഥാപനത്തിലെയും ഹരിതകർമ സേനകൾ വഴി ശേഖരിച്ച നിരോധിത സാമഗ്രികളുടെയും മാലിന്യത്തിന്റെയും കണക്കാണിത്. നിയമലംഘനം നടത്തിയവർക്ക് 46,26,200 രൂപ പിഴ ചുമത്തി. മാലിന്യശേഖരണം 80 ശതമാനത്തിലധികം പൂർത്തിയായി. ബാക്കി കൂടിയാകുമ്പോൾ കണക്ക് ഇനിയും ഉയരും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കാൻ കമീഷൻ ശുചിത്വമിഷന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് ലംഘിച്ച് പലയിടത്തും പരിസ്ഥിതിക്ക് ദോഷകരമാകുന്ന സാമഗ്രികൾ ഉപയോഗിച്ചു. ഇവ പ്രത്യേക പരിശോധനയിലൂടെ പിടിച്ചെടുത്തതിനൊപ്പം പ്രചാരണവും വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം തദ്ദേശസ്ഥാപനങ്ങൾ ഹരിതകർമ സേനാംഗങ്ങളുടെ സഹായത്തോടെ ശേഖരിച്ചു. ഇത്തരത്തിൽ ഇതുവരെ 1,783 ടൺ മാലിന്യം ശേഖരിച്ചതായാണ് ശുചിത്വ മിഷന്റെ കണക്ക്. ഇത് പുനഃസംസ്കരണത്തിന് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതായി മിഷൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോകോൾ കാര്യക്ഷമമായി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിയമസഭ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ വകുപ്പുകളുടെയും സ്ഥാനാർഥികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിച്ച് അതത് ജില്ല ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഹരിതചട്ടം നടപ്പാക്കിയത്. പ്രചാരണ സാമഗ്രികൾ വഴിയുണ്ടാകുന്ന പരിസ്ഥിതി നാശവും മാലിന്യവും പരമാവധി കുറക്കുകയായിരുന്നു ലക്ഷ്യം.
പ്രചാരണ ബോർഡുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടി തോരണങ്ങൾ, ബാനറുകൾ തുടങ്ങിയവ നിർമിക്കാൻ പുനഃസംസ്കരണം സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, നൈലോൺ, പോളിസ്റ്റർ, കൊറിയൻ തുണി, പ്ലാസ്റ്റിക് ആവരണമുള്ള തുണി തുടങ്ങിയവ ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പോളി എത്തിലീൻ, 100 ശതമാനം കോട്ടൺ ഉപയോഗിച്ചുള്ള ബാനർ എന്നിവയാണ് ഇതിനായി അനുവദിച്ചത്. നിരോധിത ഉൽപന്നങ്ങൾ വ്യാപകമായി പിടിച്ചെടുത്തു. ഇവ വിൽപന നടത്തിയവർക്കും അച്ചടിച്ചവർക്കുമാണ് 46.26 ലക്ഷം രൂപ പിഴ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

