Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് വിധിയിലെ...

തെരഞ്ഞെടുപ്പ് വിധിയിലെ സാമൂഹിക മനഃസ്ഥിതി

text_fields
bookmark_border
തെരഞ്ഞെടുപ്പ് വിധിയിലെ സാമൂഹിക മനഃസ്ഥിതി
cancel

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച സാമൂഹിക മനഃസ്ഥിതിയെ മനസ്സിലാക്കാൻ കേരളത്തിന്റെ ജനപ്രിയ സംസ്കാരത്തിൽ നിന്ന് ചില സൂചനകൾ ലഭ്യമാണ്. കേരളത്തെക്കുറിച്ചുള്ള സംഘ് പരിവാർ ആഖ്യാനങ്ങൾ പ്രചരിപ്പിക്കാനായി നിർമിച്ച ‘കേരള സ്റ്റോറി’കൾ സംഘ് പരിവാർ ആവേശപൂർവം കേരളത്തിലേക്ക് വരവേറ്റിയിട്ടും തുച്ഛം പ്രേക്ഷകരാണ് തിയറ്ററിൽ സിനിമ കാണാൻ പോയത്. നവ ഫാഷിസ്റ്റ് പെരുങ്കളങ്ങൾക്ക് കേരളം പിടികൊടുക്കില്ല എന്നു പ്രഖ്യാപിക്കുന്നതായി പ്രേക്ഷക പ്രതികരണം.

അതേസമയം പ്രദർശനത്തിനെത്തിയ ‘എമ്പുരാൻ’ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രം പ്രേക്ഷകലക്ഷം വിജയിപ്പിച്ച സിനിമയാണ്. സംഘ്പരിവാറിന്റെ അതൃപ്തിയെത്തുടർന്ന് ആ സിനിമ പുനർ സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. ‘എമ്പുരാൻ’ ഒരു തട്ടുപൊളിപ്പൻ വാണിജ്യ സിനിമയാണ്. സിനിമയിലെ ‘മുന്ന’ എന്ന കഥാപാത്രത്തിൽ കേരള പ്രേക്ഷകർ നവ ഫാഷിസത്തിന്റെ സ്വഭാവ സവിശേഷതകൾ തിരിച്ചറിഞ്ഞതാകണം ഈ സിനിമയുടെ ബോക്സ് ഓഫിസ് വിജയത്തിനു കാരണമായ ഒരു ഘടകം.

കേരളത്തിന്റെ പൊതുബോധം തന്നെയാണ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുക. കേരളത്തിന്റെ പൊതുബോധത്തിലേക്ക് മുസ്‍ലിം ഭീതിയുടെയും ഭൂരിപക്ഷാത്മകതയുടെയും വീക്ഷണങ്ങൾ കടത്തിവിട്ടിരുന്നത് ജനപ്രിയ സംസ്കാരത്തിലൂടെയാണ്, പ്രത്യേകിച്ചും സിനിമ എന്ന മാധ്യമത്തിലൂടെ. ഈ പൊതുബോധ നിർമിതി ആരംഭിച്ചിട്ട് ദശകങ്ങളായി. അത്തരത്തിൽ നിർമിതമായ പൊതുബോധവും സമൂഹത്തെ പുനർ ഫ്യൂഡൽവത്കരിക്കുന്ന ആശയങ്ങളും വിമർശന വിധേയമാക്കി തുറന്നുകാണിക്കുന്നതിൽ പുതുതലമുറ പ്രേക്ഷകരും ചലച്ചിത്ര പഠിതാക്കളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കൂടുതൽ ശ്രദ്ധ ലഭിക്കുന്ന ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപാധികളിലൂടെയാണ് സംസ്‌കാര നിർമിതികളും പൊതുബോധ രൂപവത്കരണവും വിമർശിക്കപ്പെട്ടിട്ടുള്ളത്. ചലച്ചിത്രങ്ങൾ മാത്രമല്ല പൊതുബോധത്തെ സ്വാധീനിക്കുന്ന മാധ്യമങ്ങളുടെ ആശയപ്രവർത്തനങ്ങളും ഇതേ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടു. ആധികാരികമായ സ്വരത്തിനുടമകൾ എന്നു കരുതിയവരല്ല ഈ വിമർശനങ്ങളൊന്നും ഉന്നയിച്ചത്. അത്തരം ആധികാരിക വ്യക്തിത്വങ്ങളെ തന്നെ യാഥാർഥ്യത്തിലേക്ക് ഉണർത്താൻ കെൽപുള്ള സാമൂഹിക വിമർശനങ്ങളാണ് ഉയർന്നത്.

വ്യവസ്ഥാപിത മാധ്യമ വ്യവഹാരങ്ങൾക്ക് തീർത്തും അപരിചിതരായവരാണ് ഈ വിമർശനങ്ങളെ ഗൗരവപൂർവം പൊതുസമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങൾ ജനാധിപത്യ ആശയ രൂപവത്കരണത്തിൽ വഹിക്കുന്ന ഒരു അനുകൂല പങ്ക് ഇതിൽ കാണാൻ സാധിക്കും. അധികാരവുമായി അടുത്ത് സമ്പർക്കപ്പെടാത്തതിനാൽ വിവേചനരഹിതമായും തുറന്ന മനസ്സോടെയും അവരുയർത്തിയ വിമർശനങ്ങൾ മൂർച്ചയേറിയതായിരുന്നു. ഇത് പൊതുബോധത്തിൽ അനുരണനങ്ങൾ സൃഷ്ടിച്ചു. ചെറുത്തുനിൽപിന്റെ സ്വഭാവമുള്ളതായിരുന്നു ഈ പ്രതികരണങ്ങൾ.

കേരളത്തിന്റെ പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അഗാധമായ ബോധമാകണം കേരളീയർക്ക് വംശീയവിദ്വേഷത്തെ പ്രതിരോധിക്കാൻ പ്രചോദനമായത്. ഇതിൽ പ്രവാസ അനുഭവങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളിയുടെ പ്രവാസ ജീവിതം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാൽ, ഗൾഫിലേക്കുള്ള കുടിയേറ്റം ഇതിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭദശകളിലുണ്ടായ സാമൂഹിക നവോത്ഥാനം അതുവരെയുണ്ടായിരുന്ന സാമൂഹിക ബന്ധങ്ങളെ ഉടച്ചുവാർക്കാൻ പ്രാപ്‌തമായ ഒരു സാമൂഹിക ഉണർവായിരുന്നെങ്കിൽ ഗൾഫ് കുടിയേറ്റം രണ്ടാം നവോത്ഥാനമെന്നപോലെ നമ്മുടെ സാമ്പത്തിക സാംസ്കാരിക ജീവിതത്തിനു പുത്തനുണർവുകളുണ്ടാക്കി. കേരളം സുഭിക്ഷത എന്താണെന്നറിയാൻ തുടങ്ങിയത് ഇതിനുശേഷമാണ്.

കേരളത്തിൽ ഇത് സാമൂഹിക ബന്ധങ്ങളിൽ മാറ്റം വരുത്തി, സാമ്പത്തിക അന്തരങ്ങൾ ചിലയിടങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടാവാമെങ്കിലും സാമൂഹിക ബന്ധങ്ങളിൽ പരസ്പരാശ്രിതത്വത്തിന് മിഴിവ് നൽകുന്നതായിരുന്നു. കേരളത്തിന്റെ സാമൂഹിക ബോധത്തിലും രാഷ്ട്രീയ ബോധ്യങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സമീപകാലങ്ങളിൽ വർഗീയ വിദ്വേഷം സമൂഹത്തിൽ ആഘാതം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ കുടിയേറ്റം വഴി കേരളീയർക്കുണ്ടായ അഭിവൃദ്ധിയും സാമൂഹികബന്ധങ്ങളും വിദ്വേഷത്തിനെതിരെ നിലകൊള്ളാൻ കേരളീയർക്ക് പ്രേരണയായി.

കേരളത്തിന്റെ ആദ്യ മന്ത്രിസഭയുടെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഭൂപരിഷ്കരണം. അന്തഃസത്ത ചോർന്നാണ് പിന്നീടത് നടപ്പാക്കിയതെങ്കിലും കേരളീയ മനോഭാവങ്ങളിൽ ഭൂബന്ധങ്ങളിലെ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്. നവോത്ഥാന പാരമ്പര്യത്തിന്റെയും കർഷകസമരങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഭൂബന്ധത്തെ അടിമുടി പരിഷ്‌കരിക്കുന്ന നിയമം വിഭാവനം ചെയ്തത്. കേരളം സമത്വത്തെ രാഷ്ട്രീയ നൈതികതയുടെ മുഖ്യ ഘടകമായി മനസ്സിലാക്കി. തൊഴിലാളി സമരങ്ങളോടുള്ള ഭരണകൂട അടിച്ചമർത്തൽ രാഷ്ട്രീയ സമൂഹം എതിർത്തുപോന്നിട്ടുണ്ട്. 58ലെ ചന്ദനത്തോപ്പ് വെടിവെപ്പ് മുതൽ ഇതാണ് യാഥാർഥ്യം.

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിൽ അവരോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ പോയത് എൺപത്തിയഞ്ചു വയസ്സായ വി.എസാണ്. ഉമ്മൻ ചാണ്ടി സർക്കാർ അനുരഞ്ജനത്തിന് തയാറായി. എന്നാൽ, കേരളത്തിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച ആശാ വർക്കർമാരുടെ സമരത്തോട് പിണറായി വിജയനും സി.പി.എമ്മും ട്രേഡ് യൂനിയൻ വിഭാഗവും സ്വീകരിച്ച നിഷേധാത്മക സമീപനം കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ഉള്ളുലക്കുന്നതായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഇടതുപക്ഷ മനഃസ്ഥിതിയുടേതാണ്. നോവിക്കപ്പെട്ട ഇടതുപക്ഷ മനഃസ്ഥിതി പ്രതികരണത്തിനുള്ള അവസരം തേടുകയായിരുന്നു. തെരഞ്ഞെടുപ്പിൽ അത് പ്രകടിപ്പിക്കപ്പെടുകയും ചെയ്തു.

എൽ.ഡി.എഫ് എന്നല്ല പിണറായി സർക്കാർ എന്നാണ് ഔദ്യോഗികമായി തന്നെ പ്രചരിപ്പിച്ചിരുന്നത്. ജനകീയമായ ഇച്ഛയുടെ പ്രതിഫലനമാണ് ഇടതുപക്ഷ സർക്കാർ എന്ന പതിറ്റാണ്ടുകളുടെ സമീപനമാണ് തിരുത്തപ്പെട്ടത്. കേരളീയമായ മനോഭാവത്തോട് ചേർന്നുപോകുന്നതായിരുന്നില്ല ഇത്. കേരളീയ മനഃസ്ഥിതി നിരാകരിച്ചത് പരമാധികാരിയുടെ ആത്മാവിഷ്കാരമാണ് വികസനം എന്ന സങ്കൽപത്തെയാണ്. കേരളത്തിൽ പുതുതായി സൃഷ്ടിക്കപ്പെട്ട പൗരപ്രഭുക്കൾ കേരളീയ മനഃസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ല. അവർ ജനത്തിൽ നിന്ന് വളരെ അകലെയാണ്. പൗരപ്രഭുക്കളിൽ അമിതമായി വിശ്വസിച്ചത് ജനത്തിന്റെ മനസ്സ് വായിക്കുന്നതിൽ എൽ.ഡി.എഫിന് തടസ്സമായി.

മത-ജാതി വ്യത്യാസങ്ങൾക്ക് അതീതമായൊരു ഇടതുപക്ഷ മനഃസ്ഥിതി കേരളത്തിനുണ്ട്. ഇതാണ് ഈ തെരഞ്ഞെടുപ്പിലെ ‘സ്വിങ് ഫാക്ടർ’. ഇടതുപക്ഷ മനഃസ്ഥിതിയെ ആകർഷിക്കാനുള്ള രാഷ്ട്രീയ ധിഷണ വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രകടിപ്പിച്ചു. അതു വെറും കൗശലമാണോ യഥാർഥത്തിൽ ഉള്ളതാണോ എന്നത് വരും കാലങ്ങളിൽ കാണാം. ഏകീകൃതമായ സ്വഭാവമുള്ളതല്ലെങ്കിലും സാമൂഹിക മനോഭാവം എന്ന നിലയിൽ മൈത്രിബദ്ധവും സഹിഷ്ണുതയും, സമത്വ രാഷ്ട്രീയത്തിലും ഉറച്ചുനിൽക്കുന്നതാണ് ഈ മനഃസ്ഥിതി. ഹിന്ദുത്വയെ ചെറുത്തുനിൽക്കുന്നതും ഈ മനഃസ്ഥിതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VerdictsElection dayassembly electionKerala News
News Summary - Social mood in the election verdict
Next Story