Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐയുടെ...

എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം; ക്ഷുഭിതനായി മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel
camera_alt

പിണറായി വിജയൻ 

മലപ്പുറം: എസ്‍.ഡി.പി.ഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. വോട്ടിനു വേണ്ടി എൽ.ഡി.എഫിന് അവസരവാദ നിലപാടില്ല, തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വർഗീയതയെ എൽ.ഡി.എഫ് എതിർക്കുന്നത്. പത്തു വർഷം വർഗീയ സംഘർഷം കേരളത്തില്‍ ഉണ്ടായില്ല. എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. എല്ലാ വർഗീയതയെയും എൽ.ഡി.എഫ് എതിർക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് ആരോപണം ഉന്നയിക്കുകയാണ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് വിചാരിക്കേണ്ട. ജനം ശരിയായ രീതിയിൽ വിലയിരുത്തും. എല്ലാ വർഗീയ ശക്തികളോടും ഒരേ നിലപാടാണ്. യു.ഡി.എഫ് പ്രചരിപ്പിക്കുന്നതുപോലെ, സി.പി.എമ്മിന് ഏതെങ്കിലും വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. എൽ.ഡി.എഫിനെ അതിനു കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്‍.ഡി.പി.ഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത്, അത് എസ്‍.ഡി.പി.ഐക്കാരോട് പോയി ചോദിക്കണം. പ്രത്യേക അജണ്ടയുമായി വന്നതാണെങ്കിൽ അത് മാറ്റി വച്ചാൽ മതി. എസ്.ഡി.പി.ഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്. അത് എസ്.ഡി.പി.ഐക്കാരോട് ചോദിക്കണം. എസ്.ഡി.പി.ഐ വോട്ടുകൾ വേണ്ടെന്ന് വെക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാനും തയാറായില്ല. യു.ഡി.എഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങൾ മാധ്യമങ്ങളുടെ പ്രത്യേക അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പിൻവലിച്ചതും എൽ.ഡി.എഫ് സ്ഥാനാർഥികൾ അവരുടെ വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞതും സംബന്ധിച്ച ചോദ്യങ്ങൾ അദ്ദേഹത്തെ കൂടുതൽ ചൊടിപ്പിച്ചു.

'ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നാണ് ഒരു മാധ്യമപ്രവർത്തകനോട് പ്രതികരിച്ചത്. മരുമോനിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അൻവറിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തോടും മുഖ്യമന്ത്രി ക്ഷുഭിതനായി. നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുതെന്നും അൻവറിന്റെ മെഗാഫോൺ ആയി മാധ്യമപ്രവർത്തകർ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിൽ പരസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സി.പി.എം സ്ഥാനാർഥികൾ. എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സി.പി.എമ്മാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം പൂർത്തീകരിക്കും. വീടുകളുടെ നിർമാണം പൂർത്തിയാക്കാതെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വീടുകളുടെ നിർമാണം പൂർത്തിയാക്കി മാത്രമേ അർഹതപ്പെട്ടവർക്ക് കൈമാറൂ. രാഹുൽ ഗാന്ധിയാണ് അവിടെ വീടുകൾക്ക് കല്ലിട്ടത്. അത് പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‍.ഡി.പി.ഐ ആർ.എസ്.എസിന്‍റെ ഉൽപന്നമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. ബി.ജെ.പിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‍.ഡി.പി.ഐ-ആർ.എസ്.എസ് ബന്ധം കനഗോലു ക്യാപ്സൂളാണ്. എസ്‍.ഡി.പി.ഐയോട് ചർച്ച ചെയ്ത് പിന്തുണയും സഹകരണവും തേടുന്ന നയം എൽ.ഡി.എഫിന് ഇല്ലെന്നും ബേബി വ്യക്തമാക്കി. ‘നേരത്തെ പറഞ്ഞത് ബി.ജെ.പിയുമായി സി.പി.എമ്മിന് ഡീലുണ്ടെന്നാണ്. രാഹുൽ ഗന്ധിയെ കൊണ്ടും മല്ലികാർജുൻ ഖാർഗയെയും കൊണ്ട് ഇക്കാര്യം പറയിച്ചു. എസ്.ഡി.പി.ഐ എന്നു പറയുന്നത് ആർ.എസ്.എസിന്‍റെ ഉൽപന്നമാണ്. അതുകൊണ്ട് എസ്.ഡി.പി.ഐയോട് ഞങ്ങൾക്ക് പറയാനുള്ളത് അവർ നിലപാട് തിരുത്തണമെന്നാണ്. ഈ സംഘടനകളിൽനിന്ന് സഹായം സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനും എൽ.ഡി.എഫിനുമില്ല. അവരുടെ പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നുണ്ടോയെന്ന് നോക്കി അവരുടെ കൈ പിടിച്ച് തടസ്സപ്പെടുത്തുന്നത് സാധ്യമല്ല’ -എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIPinarayi VijayanKerala Assembly Election 2026
News Summary - Election stance of SDPI should be asked from them -Chief Minister
Next Story