തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടി, വിശദ പരിശോധന നടത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്നും ഇതുസംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്ലാ ഘട്ടങ്ങളിലും ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് പാർട്ടി മുന്നോട്ടുപോയത്. അതിലൂടെ കൂടുതല്‍ വിശ്വാസമാർജിച്ച് തിരിച്ചുവന്ന ചരിത്രമാണ് പാർട്ടിക്കുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. വിജയിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായ പോരായ്‌മകളുണ്ടായി പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കും.
സമാനതകളില്ലാത്ത നിരവധി നേട്ടങ്ങള്‍ സൃഷ്ടിച്ച് നവകേരളത്തിലേക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലല്ല. എങ്കിലും അതിന്റെ നേട്ടങ്ങള്‍ ഫലത്തില്‍ പ്രതിഫലിക്കാത്തത് പരിശോധിക്കും. സംഘടന തലത്തില്‍ പോരായ്‌മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്‌ചപ്പാടുകളും, ചിന്തകളും മനസിലാക്കി ശക്തമായി ഇടപെട്ട് കൂടുതല്‍ ജനവിശ്വാസമാർജിക്കും. ഇതിനായുള്ള ഇടപെടല്‍ സര്‍ക്കാര്‍ തലത്തിലും ഭരണ തലത്തിലും നടപ്പാക്കുന്നതിന് ഇടപെടും. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വലിയ തിരിച്ചടിയേറ്റില്ലെന്ന് മനസിലാവും. എല്ലാ വർഗീയ ശക്തികളുമായി പരസ്യമായും, രഹസ്യമായും കൂട്ടുചേര്‍ന്നാണ് യു.ഡി.എഫ് മത്സരിച്ചത്.
എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിനും യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതരാഷ്‌ട്രവാദം മുന്നോട്ടുവെക്കുന്ന വർഗീയ ശക്തികളുടെ വോട്ടുകളും പ്രചരണങ്ങളും യു.ഡി.എഫിന് സഹായകമായി. ഇത് സൃഷ്ടിച്ച ചര്‍ച്ചകള്‍ ബി.ജെ.പിക്കും സഹായകമായി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ വിജയമുണ്ടായി എന്ന പ്രചാരണം വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടായില്ലെന്നും സെക്രട്ടറിയേറ്റ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതു മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. തലസ്ഥാന നഗരത്തിൽ എൻ.ഡി.എക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ് പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. എല്ലാത്തരം വർഗീയതക്കുമെതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജിച്ച് മുന്നോട്ടുപോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരുംനാളുകളിൽ കടക്കും. എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്‍റെ വികസന, ജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണ വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി എൽ.ഡി.എഫ് പ്രവർത്തിക്കുമെന്നും വാർത്തകുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

