അടിയൊഴുക്കുകളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഗതി നിർണയിക്കുക
text_fieldsകണ്ണൂർ: 11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ നാലിടത്താണ് കടുത്ത മത്സരം. എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളായ പയ്യന്നൂർ, തളിപ്പറമ്പ്, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. സി.പി.എമ്മിലെ കെ.വി.സുമേഷും മുസ്ലിം ലീഗിലെ അബ്ദുൽ കരീം ചേലേരിയും ഏറ്റുമുട്ടുന്ന അഴീക്കോട് ഇരുവരും ഒപ്പത്തിനൊപ്പമാണ്. എൽ.ഡി.എഫ് ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം ഒപ്പം വരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലോക്സഭ-തദ്ദേശ വോട്ടുനിലയാണ് ഒരുകാരണം. ബി.ജെ.പി കൂടുതൽ വോട്ടുകൾ പിടിച്ചാൽ സി.പി.എമ്മിന് തിരിച്ചടിയാവും.
സി.പി.എം വിട്ട് യു.ഡി.എഫ് സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണന്റെ മത്സരത്തിലൂടെയാണ് പയ്യന്നൂരിലെ കണക്കുകൾ തെറ്റുന്നത്. കഴിഞ്ഞതവണ അരലക്ഷത്തോളം ഭൂരിപക്ഷത്തിന് വിജയിച്ച സി.പി.എമ്മിലെ ടി.ഐ.മധുസൂദനനാണ് എതിർ സ്ഥാനാർഥി. രക്തസാക്ഷി ഫണ്ട് തട്ടിപ്പുകാരെന്ന് ആക്ഷേപിച്ചാണ് കുഞ്ഞികൃഷ്ണന്റെ പ്രചാരണം. യു.ഡി.എഫ്, ബി.ജെ.പി വോട്ടുകൾക്കൊപ്പം സി.പി.എമ്മിന്റെ വോട്ട് മറിക്കാൻ കഴിഞ്ഞാൽ പയ്യന്നൂരിൽ അദ്ഭുതമുണ്ടാകും.
സി.പി.എം വിട്ട ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തിലൂടെയാണ് തളിപ്പറമ്പ് സംസ്ഥാന ശ്രദ്ധ നേടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളക്കെതിരായ വികാരം വോട്ടാവുകയും പാർട്ടി വോട്ടുകൾ മറിയുകയും ചെയ്താലേ തളിപ്പറമ്പിലും അദ്ഭുതം സംഭവിക്കൂ.
അടിയൊഴുക്കുകളുടെ ആഴമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഗതി നിർണയിക്കുക. കൂത്തുപറമ്പിൽ മുസ്ലിം ലീഗിലെ ജയന്തി രാജനും ആർ.ജെ.ഡിയിലെ പി.കെ.പ്രവീണും കടുത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്.
പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്തും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മത്സരിക്കുന്ന മട്ടന്നൂരിലും ജയം ഇടതിനൊപ്പമാവുമെങ്കിലും ഭൂരിപക്ഷം കുറയും. ഇവക്കൊപ്പം കല്യാശ്ശേരിയും തലശ്ശേരിയും ഇടതിന് ഉറപ്പിക്കാം. കണ്ണൂരും ഇരിക്കൂറും പേരാവൂരും യു.ഡി.എഫിനൊപ്പവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

