കൂട്ട് ആരുമായാലെന്താ വിജയത്തിലാണ് കാര്യം!
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് പഴമൊഴിപോലെ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞുവരുന്ന യാഥാർഥ്യമാണ്. ശത്രുവിെൻറ ശത്രു മിത്രം, വിചിത്രസഖ്യം വിജയച്ചേരുവ, ആള് പാവാടാ... തുടങ്ങി ന്യായങ്ങൾ പലതാകും പറയാനുണ്ടാവുക.
തെരഞ്ഞെടുപ്പിന് മുമ്പും പിന്നെയും നീക്കുപോക്കുകളും പുതുസഖ്യങ്ങളും പിറക്കുന്നത് തദ്ദേശത്തിൽ പുതുമയല്ല. അപ്പോഴും മുന്നണികളിലെ കക്ഷികൾ തമ്മിലല്ലാതെ ആരുമായും സഖ്യമില്ലെന്ന വാദം സംസ്ഥാന നേതാക്കൾ ഇടക്കിടെ ആവർത്തിക്കും. ആൾബലമുള്ള വിമതരെ തനിക്കാക്കുന്ന പരിപാടിയും വിചിത്രസഖ്യത്തിെൻറ പിറവിക്ക് കാരണമാകും.
മുന്നണിയിലെ കക്ഷികൾ തമ്മിൽതമ്മിലും നയപരിപാടികളിൽ അജഗജാന്തരം ഉള്ളവരും ചിലപ്പോൾ ഒറ്റ ലക്ഷ്യത്തിനായി തെരഞ്ഞെടുപ്പ് ഗോദയിൽ ഭായി ഭായിമാരാകും. വിജയവും അധികാരവുമാണ് ആ ഒറ്റലക്ഷ്യം. ഇക്കുറി തദ്ദേശത്തിൽ മാറ്റുരക്കുന്ന അത്തരം വിചിത്രസഖ്യങ്ങളിൽ ചിലത്...
യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റസ്ഥാനാർഥി
കിഴക്കമ്പലം: പഞ്ചായത്തിലെ കുമ്മനോടിൽ സ്വതന്ത്ര സ്ഥാനാർഥി അമ്മിണി രാഘവൻ യു.ഡി.എഫിനും എൽ.ഡി.എഫിനും സ്വന്തമാണ്. ഇരുമുന്നണികളുടെയും പിന്തുണയോടെയാണ് അമ്മിണി മത്സരിക്കുന്നത്.
ഒരു പ്രചാരണ ബോർഡിൽ അമ്മിണി എൽ.ഡി.എഫ് സ്ഥാനാർഥിയാണെങ്കിൽ തൊട്ടടുത്ത ബോർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. ട്വൻറി20 ഭരിച്ച കിഴക്കമ്പലത്തെ പല വാർഡുകളിലും പൊതുസ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയ പ്രത്യേക സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് മുന്നണികളുടെ ന്യായം.
പി.ഡി.പിക്ക് ഇടതുപിന്തുണ
കോതമംഗലം: പല്ലാരിമംഗലത്ത് പി.ഡി.പി സ്ഥാനാർഥിക്ക് എൽ.ഡി.എഫ് പിന്തുണ. പക്ഷേ, മത്സരിക്കുന്നത് എൽ.ഡി.എഫ് സ്വതന്ത്ര എന്ന പേരിലാണ്. മുസ്ലിം ലീഗിനെതിരെ എട്ടാംവാർഡിൽ മത്സരിക്കുന്ന മുബീന ആലിക്കുട്ടിക്കാണ് രഹസ്യപിന്തുണ. കഴിഞ്ഞ തവണയും ഈ നീക്കുപോക്ക് മുബീനക്കുവേണ്ടി നടന്നു. അന്ന് മുബീന ഒമ്പതാം വാർഡിലാണ് മത്സരിച്ചത്. ഇപ്പോൾ അത് ജനറലായപ്പോൾ തൊട്ടടുത്ത വാർഡായ എട്ടിലേക്കെത്തി.
സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് 'മറന്നു'
ചങ്ങനാശ്ശേരി: നഗരസഭയിലെ മൂന്ന് വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസ് 'മറന്നു'! ആറ്, 35, 36 വാർഡുകളിലാണ് കോൺഗ്രസിന് സ്ഥാനാർഥികളില്ലാത്തത്. ഇടതിന് ഏറെ വേരോട്ടമുള്ള ഇവിടെ സ്ഥാനാർഥികളെ കിട്ടാത്തതുകൊണ്ടാണിതെന്നാണ് കോൺഗ്രസിെൻറ ഔദ്യോഗിക വിശദീകരണം.
എന്നാൽ, മണ്ഡലം പ്രസിഡൻറുമാർ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ഈ വാർഡുകളിലെ കാര്യം മറന്നുപോയെന്നാണ് പാർട്ടിയിലെ അടക്കംപറച്ചിൽ. രണ്ട് മണ്ഡലം പ്രസിഡൻറുമാരും മത്സരരംഗത്തുണ്ട്. ബി.ജെ.പി-കോൺഗ്രസ് വോട്ട് മറിക്കൽ ധാരണയുടെ ഭാഗമായാണ് 'മറവി'യെന്ന ആക്ഷേപം ഉയരുന്നുണ്ട്.
മൂന്ന് വാര്ഡിലും ഒരു സ്വതന്ത്ര സ്ഥാനാര്ഥി പോലുമില്ല. മത്സരം എല്.ഡി.എഫും എന്.ഡി.എയും നേരിട്ടാണ്.
നബീസ 'സർവസ്വതന്ത്ര'
തിരൂരങ്ങാടി (മലപ്പുറം): മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വെളിമുക്കിൽ എൽ.ഡി.എഫിന് പ്രത്യേകം സ്ഥാനാർഥിയില്ല. സ്വതന്ത്രയായി മത്സരിക്കുന്ന നബീസ ടീച്ചറാണ് ഇവിടെ യു.ഡി.എഫിെൻറ പ്രധാന എതിരാളി.
ഓട്ടോറിക്ഷ ചിഹ്നത്തിൽ ഇവർ ജനവിധി തേടുന്നു. മുസ്ലിം ലീഗിലെ വി.പി. സുബൈദ യു.ഡി.എഫ് സ്ഥാനാർഥിയായും ഗോദയിലുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വാർഡ്,ലീഗ് വിമത; ഇടത് പിന്തുണ
മലപ്പുറം: മലപ്പുറം നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥികളായ മുസ്ലിം ലീഗുകാർക്ക് എൽ.ഡി.എഫ് പിന്തുണ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വോട്ടറായ 38ാം വാർഡ് ഭൂദാനം കോളനിയിൽ ലീഗ്-കെ.എം.സി.സി പ്രവർത്തകനായ അബ്ദുന്നാസറിെൻറ ഭാര്യ മൈമൂനയാണ് വിമതയായി രംഗത്തുള്ളത്.
കെ.കെ. ആയിഷാബി യു.ഡി.എഫിനും പത്മിനി എൽ.ഡി.എഫിനും വേണ്ടി ഗോദയിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം പത്മിനിയുടെ സ്ഥാനാർഥിത്വം മരവിപ്പിച്ച് ഇടതുപക്ഷം മൈമൂനക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് ജയിച്ചുവരുന്ന 16ാം വാർഡായ കോട്ടക്കുന്നിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പി.എസ്.എ. സബീറിനെ എൽ.ഡി.എഫ് ഔദ്യോഗിക സ്വതന്ത്രനാക്കി. വി.പി. ഷാഹിൻ ബാബുവാണ് യു.ഡി.എഫ് പ്രതിനിധി.
കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്ഥാനാർഥികൾ
ശ്രീകൃഷ്ണപുരം (പാലക്കാട്): സ്വതന്ത്രനായി മത്സരിക്കുന്ന ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറിക്ക് കോൺഗ്രസ് പിന്തുണ. പകരം, ബി.ജെ.പി പിന്തുണക്കുന്നത് മഹിള കോൺഗ്രസ് നേതാവിനെ. പാലക്കാട് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലാണ് ഇൗ വിചിത്ര കൂട്ടുകെട്ട്. സി.പി.എമ്മിനെ നേരിടാനാണ് വെള്ളിനേഴിയിലും പൂക്കോട്ടുകാവ് പഞ്ചായത്തിലും കോൺഗ്രസും ബി.ജെ.പിയും െപാതുസ്വതന്ത്രരെ നിർത്തിയത്.
13 വാർഡുള്ള വെള്ളിനേഴിയിൽ 11 വാർഡുകളിലാണ് നീക്കുപോക്ക്. കോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ബി.ജെ.പി മത്സരിക്കുന്ന രണ്ടും 13ഉം വാർഡുകളിൽ കോൺഗ്രസിനും സ്ഥാനാർഥികളില്ല.
ശേഷിച്ച ഏഴ് വാർഡിലും പൊതുസ്വതന്ത്രരെയാണ് ഇരുപാർട്ടികളും പിന്തുണക്കുന്നത്. 13 വാർഡുകളുള്ള പൂക്കോട്ടുകാവിൽ നാല് എണ്ണത്തിലാണ് കോൺഗ്രസ്, ബി.ജെ.പി- പിന്തുണയോടെ പൊതുസ്വതന്ത്രർ മത്സരിക്കുന്നത്.
ഒന്ന്, രണ്ട്, ആറ്, 13 വാർഡുകളിൽ. നാല് വാർഡുകളിലെ സ്വതന്ത്രരിൽ മൂന്ന് പേർ ബി.ജെ.പിക്കാർ. പ്രത്യുപകാരമായി അഞ്ച്, ഏഴ്, എട്ട് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ. ഒന്ന്, രണ്ട്, ആറ്,13 വാർഡുകളിലെ സ്ഥാനാർഥികളിൽ ഇരുമുന്നണികളും അവകാശമുന്നയിച്ചിട്ടുണ്ട്. ഇവർ എൻ.ഡി.എ സ്വതന്ത്രരായാണ് ബി.ജെ.പി പോസ്റ്ററുകളിലുള്ളത്, കോൺഗ്രസ് പോസ്റ്ററിൽ കോൺഗ്രസ് സ്വതന്ത്രരായും.
അതേസമയം, കോൺഗ്രസ്-ബി.ജെ.പി സഖ്യമില്ലെന്നും ആരോപണങ്ങൾ സി.പി.എം ഉന്നയിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശതെരഞ്ഞെടുപ്പിൽ പലേടത്തും പൗരമുന്നണികളും സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. ഇതിനെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടായി കാണാനാകില്ല.
സി.പി.എമ്മും സി.പി.െഎയും നേർക്കുനേർ
മാനന്തവാടി: തദ്ദേശ െതരഞ്ഞെടുപ്പിൽ എടവക ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിലെ സി.പി.എമ്മും സി.പി.ഐയും തമ്മിൽ പോരാട്ടം. 10ാം വാർഡായ കമ്മനയിലാണ് 'കമ്യൂണിസ്റ്റുകൾ' കൊമ്പുകോർക്കുന്നത്. സി.പി.എമ്മിലെ സി.എം. സന്തോഷ് കുമാർ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിക്കുമ്പോൾ സി.പി.ഐയിലെ രജിത്ത് കുമാർ കതിരും അരിവാൾ നക്ഷത്രത്തിലുമാണ് മത്സരിക്കുന്നത്.
പഞ്ചായത്തിൽ സി.പി.ഐ അഞ്ച് സീറ്റ് ആവശ്യപ്പെട്ടെങ്കിലും സി.പി.എം സീറ്റ് നിഷേധിച്ചതോടെയാണ് സി.പി.ഐ ഒരു സീറ്റിൽ ഒറ്റക്ക് മത്സരിക്കുന്നത്. മറ്റിടങ്ങളിൽ സി.പി.എമ്മിനെതിരെ നിലപാട് കടുപ്പിക്കുകയും െചയ്തു. കോൺഗ്രസിലെ കമ്മന മോഹനനും ബി.ജെ.പിയിലെ വിനോദും ഇവിടെ മത്സര രംഗത്തുണ്ട്.
ഇടതിന് രണ്ട് സ്ഥാനാർഥികൾ
കൊച്ചി: കോർപറേഷൻ പോണേക്കര ഡിവിഷനിൽ എൽ.ഡി.എഫിന് രണ്ട് സ്ഥാനാർഥികൾ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ സീറ്റിൽ അവർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ഥാനാർഥിയാക്കി.
കേസിലെ പ്രതിയാെണന്ന വാർത്ത വന്നതോെട സി.പി.എം ഇടപെട്ട് പാർട്ടി ഇടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം പി.വി. ഷാജിയെ സ്ഥാനാർഥിയാക്കി. ഇടത് സ്ഥാനാർഥിയെന്നാണ് ഇരുവരുടെയും പ്രചാരണം.
ബി.ഡി.ജെ.എസിനും കോൺഗ്രസിനും ഒരു സ്ഥാനാർഥി!
വെള്ളമുണ്ട: പഞ്ചായത്ത് മൊതക്കര വാർഡിൽ ബി.ഡി.ജെ.എസിനും കോൺഗ്രസിനും ഒരു സ്ഥാനാർഥി. കുട അടയാളത്തിൽ മത്സരിക്കുന്ന ഉമേശ് വാളിപ്ലാക്കലിന് കോൺഗ്രസ് ബി.ഡി.ജെ.എസ് പിന്തുണയുണ്ട്. പഞ്ചായത്തിലെ മറ്റ് 20 വാർഡുകളിലും ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ബി.ഡി.ജെ.എസ് മൊതക്കരയിൽ സ്വതന്ത്രനെ പിന്തുണക്കുന്നു.
ബി.ജെ.പി സ്വന്തമായി സ്ഥാനാർഥിയെ നിർത്തിയ വാർഡിൽ തെരഞ്ഞെടുപ്പു ചർച്ചകളിൽ പങ്കെടുപ്പിക്കാത്തതാണ് ബി.ഡി.ജെ.എസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇത്തവണ സ്ഥാനാർഥിയെ നിർത്താതെ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കോൺഗ്രസും തീരുമാനിച്ചു.