പരാജയം വിലയിരുത്തി ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകൾ ഒന്നായി; ഭൂരിപക്ഷ വോട്ടുകളും പോയി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് എകീകരണമുണ്ടായെന്ന് ഇടതുമുന്നണി യോഗത്തിൽ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുബാങ്കിലെ ഈ മാറ്റം മുൻകൂട്ടി തിരിച്ചറിയാനോ ഇടപെടാനോ മുന്നണിക്കോ നേതൃത്വം നൽകുന്ന പാർട്ടിക്കോ കഴിഞ്ഞില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവുമുണ്ടായി. മറുഭാഗത്ത്, ഭൂരിപക്ഷ സമുദായത്തിലെ വോട്ടിൽ മുന്നണി പ്രതീക്ഷയർപ്പിച്ചെങ്കിലും അവിടെയും വലിയ ചോർച്ചയുണ്ടായി.
ഇതിലൊരു പങ്ക് ലഭിച്ചത് ബി.ജെ.പിക്കാണ്. ഫലത്തിൽ ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ ഒരുപോലെ കൈവിട്ടതാണ് കനത്ത പരാജയ കാരണമെന്ന് ചർച്ചയിൽ ഘടകകക്ഷികൾ ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭൂരിപക്ഷ വോട്ടുകൾ ഒപ്പംകൂട്ടാൻ നടത്തിയ നീക്കങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾ അകലാൻ ഇടയാക്കി. എന്നാൽ, ശബരിമല സ്വർണക്കൊള്ള വിവാദങ്ങളോടെ ഇത്തരത്തിൽ പ്രതീക്ഷ പുലർത്തിയിരുന്ന ഭൂരിപക്ഷ വോട്ടുകളും കൈവിട്ടു.
തുടർച്ചയായി ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ ഇടതുമുന്നണി സംരക്ഷിക്കുന്നുവെന്ന പ്രതീതിയുണ്ടായത് നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടും സി.പി.എം തിരുത്തിന് തയാറായില്ലെന്ന വിമർശനമാണ് സി.പി.ഐ ഉന്നയിച്ചത്. ന്യായീകരിക്കാനാകാത്ത പരാമർശങ്ങൾ വെള്ളാപ്പള്ളി തുടരുമ്പോഴും അതിനെയെല്ലാം മുന്നണി നേതാക്കൾ പിന്തുണക്കുന്നുവെന്ന തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വ്യാപകമായുണ്ടായി. ഇത് തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രഹരമേൽപ്പിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ അകൽച്ചക്ക് ഇത് പ്രധാന കാരണമാണ്. അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നത് യോഗത്തിൽ അംഗീകരിക്കാൻ കൺവീനർ ടി.പി. രാമകൃഷ്ണൻ തയാറായില്ല.
മാധ്യമങ്ങൾ ശക്തമായി സർക്കാറിനെതിനെ നിലകൊണ്ടതാണ് മറ്റൊരു പ്രധാന ഘടകം. 10 വർഷത്തെ വികസനം യു.ഡി.എഫിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇനിയൊരു ടേം കൂടി ഇടതുമുന്നണിക്ക് ലഭിക്കരുതെന്ന നിലപാടിൽ യു.ഡി.എഫ് കർശന സ്വഭാവത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുമുന്നണിയിലെ മാത്രമല്ല, പുറത്തുള്ള ജനങ്ങളെകൂടി തുറന്ന മനസ്സോടെ കേട്ടെങ്കിലേ തിരുത്തലുകൾക്കും തിരിച്ചുവരവിനും സാധിക്കൂവെന്ന വികാരമാണ് യോഗത്തിൽ പൊതുവിലുണ്ടായത്. ജനവിധി അംഗീകരിക്കുന്നതിനൊപ്പം എന്തുകൊണ്ടാണ് ഇങ്ങനെയൊരു തോൽവിയെന്ന് സമഗ്രമായി പരിശോധിക്കണം. ഘടകകക്ഷികളുടെ കമ്മിറ്റികളെ മാത്രമല്ല, ജനങ്ങളുടെ പ്രതികരണം കേൾക്കാനും തയാറാകണം. എല്ലാ അഭിപ്രായങ്ങളും തുറന്നുപറയാൻ അവസരമുണ്ടായാലേ തിരുത്തലിലേക്ക് പോകാനാകൂ. ഏറ്റവും അടിത്തട്ടിൽതന്നെ വിലയിരുത്തലുകൾ തുടരണം.
കഴിഞ്ഞ ദിവസം സി.പി.ഐ നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുണ്ടായെങ്കിലും അത്തരം വ്യക്തിപരമായ വിർമശനങ്ങളൊന്നും ബിനോയ് വിശ്വം മുന്നണി യോഗത്തിൽ ഉന്നയിച്ചില്ല. ഓരോ കക്ഷികളും പരാജയം പരിശോധിച്ചശേഷം ജൂൺ 15ന് വിശദമായ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

