കേരളത്തിൽ വോട്ട് ചോരിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ ഒത്താശ -റസാഖ് പാലേരി
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് വോട്ടുചോരിക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഒത്താശ ചെയ്തിട്ടുണ്ടെന്നും വോട്ട് ഇരട്ടിപ്പും വാർഡ് വിഭജനത്തിലെ വംശീയ വിവേചനവും പരിഹരിക്കണമെന്നും റസാഖ് പാലേരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലും വൻതോതിൽ അപാകതകളുണ്ട്. രാഷ്ട്രീയപാർട്ടികളോട് കൂടിയാലോചന നടത്താതെ കമീഷൻ ഏകപക്ഷീയമായി എസ്.ഇ.സി നമ്പർ നൽകിയത് എന്തിനെന്നു മനസ്സിലാകുന്നില്ല.
തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിലെ വാർഡ് പുനർനിർണയത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ സംഭവിച്ച അസന്തുലിതത്വം രാഷ്ട്രീയ താൽപര്യത്തോടെയാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ഒളിഅജണ്ടയാണ് ഇതിനു പിന്നിൽ. തിരുവനന്തപുരം കോർപറേഷനിലെ വാർഡ് വിഭജനം ബി.ജെ.പിക്ക് സഹായകരമാണ്. മുസ്ലിം പ്രാതിനിധ്യത്തിൽ വർധനയുള്ള പല വാർഡുകളും ഒഴിവാക്കുകയും സമീപ വാർഡുകളിലേക്ക് ഉൾപ്പെടുത്തുകയുമാണ് ചെയ്തത്.
കോഴിക്കോട് കോർപറേഷനിലും സമാനമാണ് അവസ്ഥ. ദലിത് വിഭാഗങ്ങളിൽപെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കിയ ബിഹാറിലെ വോട്ട് ചോരിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ കേരളത്തിൽ സംഘ്പരിവാറിന് അനുകൂലമായ വാർഡ് വിഭജനവും വോട്ടുവിന്യാസവും ഉണ്ടാകുന്നത് ഇടതുപക്ഷത്തിന്റെ മൗനാനുവാദം ഉള്ളതുകൊണ്ടാണെന്നും റസാഖ് പാലേരി ആരോപിച്ചു.ക്രമക്കേടുകൾ തിരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളെ ആർ.എസ്.എസുമായി സമീകരിക്കുന്നതും ഇത്തരം പ്രവണതകളെ പിടിച്ചുകെട്ടേണ്ടവർതന്നെ ആ പണി ചെയ്യുന്നതും അപകടകരമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കാനാണ് വെൽഫെയർ പാർട്ടി മുൻതൂക്കം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ഒഴികെ ഏതു പാർട്ടിയുമായും മുന്നണിയുമായും സഹകരിക്കും. യു.ഡി.എഫുമായി ചർച്ചക്ക് തയാറാണെന്നും ഇപ്പോൾ ചർച്ച നടത്തിയിട്ടില്ലെന്നും റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

