തെര.കമീഷൻ കള്ളവോട്ടിന് പരിരക്ഷയൊരുക്കുന്നു -സണ്ണി ജോസഫ്
text_fieldsകെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ
കോഴിക്കോട്: വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതിന് പകരം അതിന് പരിരക്ഷ നൽകുന്ന പണിയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസും യു.ഡി.എഫും ആദ്യം മുതലേ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇരട്ട വോട്ടുകൾ സംബന്ധിച്ചായിരുന്നു ഇതിലധികവും. ഓരോ വോട്ടർക്കും പ്രത്യേക നമ്പർ നൽകുകവഴി ഇരട്ട വോട്ടുകൾക്ക് സാധൂകരണം നൽകുന്ന പണിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത്. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടും.
ശബരിമലയിൽ സ്വർണപാളികൾ കാണാതായ വിഷയത്തിൽ ദേവസ്വം ബോർഡിന്റെയും സർക്കാറിന്റെയും അനാസ്ഥക്കെതിരെ വിശ്വാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കള്ളൻ കപ്പലിൽതന്നെയാണ്. ഉത്തരവാദപ്പെട്ടവർ അറിയാതെ ഇങ്ങനെയൊന്നും സംഭവിക്കില്ല. എത്ര സ്വർണം നഷ്ടപ്പെട്ടു എന്നതിനുപോലും കണക്കില്ല. ആഗോള അയ്യപ്പസംഗമം ആത്മാർഥതയില്ലാതെ സംഘടിപ്പിച്ചതാണെന്ന് അതിനുശേഷം നടന്ന ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘വോട്ടർ അധികാർ’ സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നാം വാരം ‘വോട്ടർ അധികാർ’ സമ്മേളനം കോഴിക്കോട്ട് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും പങ്കെടുക്കും. വോട്ട് മോഷണത്തിനെതിരെ രാഹുൽ ഗാന്ധി തുടങ്ങിവെച്ച പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനുള്ളതാണ്. ആ പോരാട്ടത്തിന് പിന്തുണ നൽകുന്ന വലിയ ബഹുജന മുന്നേറ്റമായിരിക്കും കോഴിക്കോട്ടെ പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

