മാവോവാദി, പ്രശ്ന മേഖലകൾ കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപടികൾ വേഗത്തിലാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യമായ നടപടികൾക്ക് സംസ്ഥാനത്തിന് നിർദേശം നൽകി. പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധി ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തും. സംസ്ഥാനത്തെ മാവോവാദി, തീവ്രസ്വഭാവ സംഘടനകളുടെ പ്രവർത്തന മേഖലകൾ കണ്ടെത്താൻ പൊലീസ് മേധാവിയോട് നിർദേശിച്ചു. പ്രശ്നസാധ്യത, അതിപ്രശ്നസാധ്യത പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയാറാക്കാൻ ആവശ്യപ്പെട്ടു.
ഒരു സ്ഥലത്ത് മൂന്നുവർഷം പൂർത്തിയാക്കിയ ഐ.ജി മുതൽ എസ്.ഐവരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്നും സ്വന്തം ജില്ലയിൽ നിയമനം നൽകരുതെന്നും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫിസർ, പൊലീസ് മേധാവി എന്നിവരുമായി കഴിഞ്ഞദിവസം നടത്തിയ വിഡിയോ കോൺഫറൻസിലാണ് കമീഷൻ നിർദേശങ്ങൾ നൽകിയത്. കേരളത്തിലെ തയാറെടുപ്പിൽ കമീഷൻ പൂർണ തൃപ്തി രേഖപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തിെൻറ ക്രമസമാധാന വിശദാംശങ്ങളും െതരഞ്ഞെടുപ്പ് സുരക്ഷക്ക് എത്ര കമ്പനി കേന്ദ്രസേന ആവശ്യമായിവരുമെന്ന വിവരങ്ങളും കമീഷൻ ആരാഞ്ഞു.
കഴിഞ്ഞ തവണ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വിശദാംശങ്ങളും കമീഷൻ അന്വേഷിച്ചു. തീരുമാനമാകാത്ത കേസുകളിൽ സത്വര നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിക്ക് നിർദേശം നൽകി. റിട്ടേണിങ് ഓഫിസർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർ എന്നിവരുടെ ഒഴിവുകൾ വേഗം നികത്തണമെന്ന് കമീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
