ട്രോൾ വെടിക്കെട്ടിൽ ‘പോൾ’ പൂരം
text_fieldsകോട്ടയം: എതിരാളിയുടെ പിഴവിൽനിന്നാവും പലപ്പോഴും കായികരംഗത്ത് മനസ്സിൽ തങ്ങുന്ന ചരിത്രനേട്ടങ്ങളുടെ പിറവി. രാഷ്ട്രീയവും അങ്ങനെ തന്നെ. എതിരാളിയുടെ വായടപ്പിക്കുന്ന, കുറിക്കുകൊള്ളുന്ന തഗ് ഡയലോഗുകളായിരുന്നു മുൻകാലങ്ങളിലെ സൂപ്പർ ഹിറ്റെങ്കിൽ ഇന്ന് ട്രോളുകൾക്കും റീലുകൾക്കുമാണ് താരപ്പൊലിമ. എതിർ മുന്നണിയുടെ വീഴ്ചകളും പോരായ്മകളും ട്രോൾഭാവനയിൽ എത്തുമ്പോൾ ചിരിയുടെ പൂത്തിരി കത്തിക്കാൻപോന്ന വെടിക്കോപ്പുകളാണ്.
സാമൂഹിക മാധ്യമങ്ങളിലെ പരമ്പരാഗത ട്രോൾ പേജുകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളുടെ പേജുകളിലും ഇത്തരം ആക്ഷേപഹാസ്യങ്ങൾ തകർത്തുവാരുകയാണ്. പ്രമുഖ നേതാക്കളോട് സാദൃശ്യമുള്ള നടന്മാരെയും നിർമിതബുദ്ധിയിൽ സൃഷ്ടിച്ചെടുക്കുന്ന, യാഥാർഥ്യപ്രതീതി ഉയർത്തുന്ന നേതൃസമാന കഥാപാത്രങ്ങളെയും ഉപയോഗിച്ചാണ് റീലുകളുടെ നിർമിതി.മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപസാദൃശ്യമുള്ള നടൻ അദ്ദേഹത്തിന്‍റെ ചില മുൻകാല സംഭാഷണങ്ങളെ അതേ ശബ്ദത്തിൽ മറ്റൊരു പശ്ചാത്തലത്തിൽ അനുകരിക്കുന്ന റീലുകൾ കോൺഗ്രസ് വാളുകൾ ആഘോഷിക്കുന്നുണ്ട്. മന്ത്രി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ സൃഷ്ടിച്ച വിവാദവും കെ.കെ. ശൈലജയുടെ മണ്ഡലംമാറ്റവും കെ. സുധാകരൻ കോൺഗ്രസിനും ജി. സുധാകരൻ സി.പി.എമ്മിനും സൃഷ്ടിച്ച പ്രതിസന്ധിയുമൊക്കെ ട്രോളന്മാരുടെ ഭാവനയിൽ കക്ഷിഭേദമന്യേ ആരെയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഹാസ്യമാതൃകകളാവുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചാൽ രണ്ടുമണിക്കൂറിനകം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രഖ്യാപനം കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഉയർന്ന അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തിൽ സൂപ്പർ ഹിറ്റാണ്. ‘അവര് കൊള്ളാവുന്ന ഒരു ചെറുക്കനെ കൊണ്ടെ ഇട്ടപ്പോൾ എന്‍റെ തലേൽ വെച്ചിട്ട് മുങ്ങുവാ അല്ലേ’ എന്ന് മകൻ അപു പി.ജെ. ജോസഫിനോട് ചോദിക്കുന്ന രൂപത്തിലാണ് കേരള കോൺഗ്രസ് ജോസഫിലെ തലമുറമാറ്റത്തിന്‍റെ ട്രോൾകാഴ്ച. മറ്റുള്ളവർ തെരഞ്ഞെടുപ്പ് തിരക്കിൽ നിൽക്കുമ്പോൾ ട്വന്‍റി 20 മെഗാ സീരിയൽ പിടിക്കാൻ പോകുന്നുവെന്ന് അവരുടെ സ്ഥാനാർഥി പട്ടികയിലെ താരസാന്നിധ്യത്തിനുള്ള പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

