
എൽദോസ് കുന്നപ്പിള്ളി രാമക്ഷേത്രത്തിന് സംഭാവന നൽകിയിട്ടില്ല -രമേശ് ചെന്നിത്തല
text_fieldsകൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയോധ്യ രാമക്ഷേത്ര നിർമാണ നിധിയിലേക്ക് എൽദോസ് കുന്നപ്പിള്ളി സംഭാവന നൽകിയെന്ന് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരണം നടന്നിരുന്നു. ആർ.എസ്.എസ് പ്രവർത്തകർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന കൈപ്പറ്റിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി ആർ.എസ്.എസിന് സംഭാവന നൽകി രാമക്ഷേത്രത്തിന്റെ മാതൃക സ്വീകരിക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇരിേങ്ങാൾ കാവിന്റെ ഭാരവാഹികളെന്ന് പറഞ്ഞെത്തിയവർ തന്നോട് ആയിരം രൂപ സംഭാവന വാങ്ങിയെന്നായിരുന്നു എം.എൽ.എയുടെ വിശദീകരണം.
ജില്ല പ്രചാരക് അജേഷ് കുമാർ, വിദ്യാർഥി പ്രമുഖ് അനിലൻ ശങ്കർ, കെ.ആർ. സുഭാഷ്, പി.എസ്. ശരത്, അരവിന്ദ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എം.എൽ.എയുടെ ഓഫിസിലെത്തി സംഭാവന വാങ്ങി ഇവർ ഫോട്ടോ എടുക്കുകയായിരുന്നു. ചിത്രം വൻതോതിൽ പ്രചരിച്ചതോടെ എം.എൽ.എക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
