അമീബിക് മസ്‌തിഷ്‌കജ്വരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു വീണ്ടും മരണം. പോത്തൻകോട് സ്വദേശിയായ 78 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പ് പനി വന്നതിനെത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ പിന്നീട് സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങളോടെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ വൃക്കകൾ തകരാറിലാവുകയും മൂന്ന് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാത്ത സാഹചര്യത്തിൽ വീണ്ടും രക്തപരിശോധന നടത്തിയപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂർ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. കൂടാതെ ഇന്നലെ മാത്രം സംസ്ഥാനത്ത് പുതുതായി നാല് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മരിച്ച വയോധികയുടെ വീടിന്റെ പരിസരത്തുള്ള കിണറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗബാധയും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താത്ത ആരോഗ്യവകുപ്പ് നിരവധി വിമർശങ്ങൾ നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

