മകൻ മരിച്ച് ആറാംനാൾ അമ്മയും; മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല; ഇന്ദിരാദേവിക്ക് പീസ് വാലി അന്ത്യയാത്ര ഒരുക്കും
text_fieldsമകൻ സന്ദീപിന്റെ മൃതദേഹം അമ്മ ഇന്ദിരാ ദേവിയെ അവസാനമായി കാണിക്കാൻ പറവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ (ഫയൽ ചിത്രം)
കോതമംഗലം: വാടകവീട്ടിൽ പട്ടിണികിടന്ന് അവശനിലയിൽ കണ്ടെത്തിയ മകന് പിന്നാലെ ആറാംനാൾ അമ്മയും മരണത്തിന് കീഴടങ്ങി. മകന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തത് പോലെ അമ്മയുടെ അന്ത്യകർമങ്ങൾക്കും ബന്ധുക്കളോ സമുദായ സംഘടനകളോ എത്തിയില്ല. ഒടുവിൽ, മരണാസന്ന സമയത്ത് അഭയം നൽകിയ കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിൽ നാളെ അമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യും.
കൈതാരം പങ്കജാലയത്തിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ഇന്ദിര ദേവിയും (76) മകൻ സന്ദീപു(40)മാണ് ദാരുണമായി മരിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ പെരുവാരം ഞാറക്കാട്ട് റോഡിലെ വീട്ടിൽ അവശനിലയിലാണ് ഇവരെ കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. ഇരുവരും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു.
പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽനിന്ന് ഇന്ദിരാദേവിയെ പീസ് വാലി പ്രവർത്തക സമിതി അംഗം വി.എ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ കൊണ്ടുപോകുന്നു (ഫയൽ ചിത്രം)
സംരക്ഷിക്കാൻ ആരുമില്ലാത്ത ഇരുവരെയും കുറിച്ച് നഗരസഭാ കൗൺസിലർമാരായ ആശ മുരളി, പി.ഡി. സുകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് എന്നിവർ സ്ഥലത്തെത്തി ഡിസ്ട്രിക്ട് ലീഗൽ സർവിസ് അതോറിറ്റി പ്രവർത്തക ആശ ഷാബുവിനെ വിവരമറിയിച്ചു. തുടർന്ന് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രജിതയുടെ നിർദേശപ്രകാരം പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച സന്ദീപ് മരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാത്തതിനെ തുടർന്ന് കൗൺസിലർമാർ ഏറ്റുവാങ്ങി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് അന്ത്യകർമങ്ങൾ ചെയ്തത്.
ചികിത്സയിലിരുന്ന ഇന്ദിരദേവിയെ സുഖം പ്രാപിച്ചതിനെത്തുടർന്നാണ് ഡി.എൽ.എസ്.എയുടെ നേതൃത്വത്തിൽ കോതമംഗലം പീസ് വാലിക്ക് കീഴിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട് അഞ്ചിന് മകന്റെ വഴിയേ ഇവരും മരണത്തിന് കീഴടങ്ങി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ശ്മശാനത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

