ലോറി വീടിന് മുകളിൽ മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം
text_fieldsഅടൂർ: കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീഠികയിൽ മറിയം ബീവി(65) ആണ് മരിച്ചത്.
റോഡരികിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ 3.30നാണ് സംഭവം. ഏനാദിമംഗലം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി കായംകുളം ഭാഗത്തേക്ക് പോയ ടോറസാണ് വീടിനുമുകളിലേക്ക് മറിഞ്ഞത്. കടയോട് ചേർന്ന ഈ വീട്ടിലാണ് വർഷങ്ങളായി മറിയം ബീവി താമസിച്ചിരുന്നത്. രണ്ടു പെൺമക്കളാണ് ഇവർക്ക്. ഇവർ പുനലൂർ, കൊട്ടാരക്കര ഭാഗങ്ങളിലാണ് താമസം.
അപകടത്തെ തുടർന്ന് ടോറസിലെ മെറ്റൽ വീട്ടിലേക്ക് മറിഞ്ഞു. ഇതിനെ തുടർന്ന് വീടിന്റെ ഭിത്തി മറിയം ബീവിയുടെ ശരീരത്തിൽ പതിച്ച നിലയിലായിരുന്നു. മെറ്റൽ കിടക്കുന്നതിനാൽ ആദ്യം മറിയം ബീവിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അടൂരിൽ നിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഭിത്തിയുടെ അടിയിൽപ്പെട്ട ഇവരെ പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ മറിയം ബീവിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് അബ്ദുൽ ജലീൽ മരിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ: ഷെൽവി, ഷെൽമി. ഖബറടക്കം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

