ഹരിപ്പാട് നടുക്കുന്ന കൊലപാതകം,വീടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച് വയോധികന്റെ മൃതദേഹം; സ്വർണവും പണവും കവർന്നു
text_fieldsഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാറാണ് (70) മരിച്ചത്. മോഷണശ്രമത്തിനിടെ നടന്ന ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കരുവാറ്റ പഞ്ചായത്ത് ഒമ്പതാം വാർഡിൽ മാടപ്പുറക്കൽ പടീറ്റതിൽ കുടുംബസമേതം വാടകക്ക് താമസിക്കുകയായിരുന്നു ശിവൻകുട്ടി ചെട്ടിയാർ.
സംഭവസമയം ഇയാൾ വീട്ടിൽ തനിച്ചായിരുന്നു. അടിഭാഗം ഷീറ്റ് കൊണ്ട് മറച്ച, മുകൾഭാഗത്ത് ഗ്രില്ലുള്ള അടുക്കളവാതിലിലൂടെയാണ് അക്രമികൾ അകത്തുകടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയാണ് അകത്തുകടന്നത്.
കൃത്യം നടത്തിയ ശേഷം പുറത്തിറങ്ങി തിരികെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷയിട്ടാണ് പ്രതികൾ കടന്നുകളഞ്ഞത്. വീടിന്റെ മുൻവാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്തെ അലമാരകൾ തുറന്നിട്ട നിലയിലും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്.
ഡൈനിങ് റൂമിലെ തറയിൽ കൈയും കാലുകളും പരസ്പരം ബന്ധിച്ച നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയിരുന്നു. മുഖത്തും തറയിലും രക്തക്കറയുണ്ട്. ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധന തടസ്സപ്പെടുത്താൻ വീടിന്റെ പ്രധാന വാതിൽപ്പടികളിലും തറയിലും മുളകുപൊടി വിതറിയിട്ടുണ്ട്. വീടിനുള്ളിലുണ്ടായിരുന്ന മുളകുപൊടിയാണ് ഇതിനായി ഉപയോഗിച്ചത്.
മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ശനിയാഴ്ച ഉച്ചവരെ കൊച്ചുമകൾ വീട്ടിലുണ്ടായിരുന്നു.
കൊച്ചുമകൾ പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്കു പോയി. ശിവൻകുട്ടിയുടെ ഫോണിൽ ഇൻകമിങ് ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽനിന്ന് ഭാര്യ വിളിച്ചിട്ട് കിട്ടിയില്ല. ഞായറാഴ്ച വൈകുന്നേരം കൊച്ചുമകൾ കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
പിന്നീടും ഫോണിൽ കിട്ടാതായതോടെ ഭാര്യ അയൽവാസിയെ വിളിച്ച് വിവരം പറയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെ കൊച്ചുമകളും അയൽവാസിയും മകളുടെ വീടുപണി കരാറെടുത്ത ഇതരസംസ്ഥാന തൊഴിലാളിയുമൊത്ത് എത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നി അടുക്കള വാതിലിന്റെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റി അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ഡി.ഐ.ജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഗൾഫിലുള്ള മകൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും. ഭാര്യ: സരസ്വതി. മക്കൾ: ശ്രീകല, ശശികല. മരുമകൻ: ബിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

