ബോഗി മാറിക്കയറിയ വയോധികനെ ടി.ടി.ഇ മർദിച്ചു
text_fieldsആലപ്പുഴ: ബോഗി മാറിക്കയറിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ശബരി എക്സ്പ്രസിലെ യാത്രക്കാരനായ വയോധികന് ടി.ടി.ഇയുടെ മർദനം. പത്തനംതിട്ട കോഴഞ്ചേരി പള്ളത്തറയിൽ പി. വർഗീസിനാണ് (70) മർദനമേറ്റത്. ടി.ടി.ഇ എസ്. വിനോദ് വർഗീസിന്റെ മുഖത്തടിക്കുകയും ബോഗിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ വലിച്ചിഴക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആലുവയിൽ വാടകവീട്ടിൽ താമസിക്കുന്ന വർഗീസ് എല്ലാ ശനിയാഴ്ചയും ഭാര്യവീടായ മാവേലിക്കരയിൽ എത്തി മടങ്ങാറുണ്ട്. തിങ്കളാഴ്ച രാവിലെ മാവേലിക്കരയിൽനിന്ന് ആലുവക്ക് പോകാൻ സ്ലീപ്പർ ടിക്കറ്റെടുത്താണ് ട്രെയിനിൽ കയറിയത്. സ്റ്റേഷനിൽനിന്ന് സ്ലീപ്പർ ടിക്കറ്റെടുക്കുന്ന ഹൃസ്വദൂരയാത്രക്കാർക്കായി എസ് 11, 12 കോച്ചുകളാണ് മാറ്റിവെച്ചിരുന്നത്.
ഇതറിയാതെ വർഗീസ് എസ്-10ൽ കയറുകയായിരുന്നു. ഇതിനിടെ ടി.ടി.ഇ എത്തി സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുത്താൽ 11ലും 12ലുമാണ് കയറേണ്ടതെന്ന് കയർത്ത് കോളറിൽ പിടിക്കുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ ബോഗി മാറിക്കയറാമെന്ന് പറഞ്ഞിട്ടും വർഗീസിനെ വലിച്ചിഴക്കുകയായിരുന്നു.
ഒപ്പമുള്ള യാത്രക്കാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുത്തതോടെ വിനോദ് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. സംഭവത്തിനുശേഷം വർഗീസ് കോട്ടയം റെയിൽവേ സ്റ്റേഷനിലിറങ്ങി ആർ.പി.എഫിൽ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.