'ബഹ്റൈനിൽ 30 വർഷം ജോലി ചെയ്തുണ്ടാക്കിയ പണമാണ്, രണ്ടു തവണ ഹൃദയാഘാതവും സ്ട്രോക്കും വന്നയാളാണ്, പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിനുള്ളിൽ കിടന്ന് മരിക്കും, എല്ലാവരെയും ഉള്ളിലിട്ട് കൊന്നോട്ടെ'
text_fieldsനിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് അർബൻ ബാങ്കിന് മുന്നിൽ പ്ലക്കാർഡുകളുമായി വയോധിക ദമ്പതികള്‍ സമരം നടത്തുന്നു
ഇരിങ്ങാലക്കുട: ‘പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിന്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും’-ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് അർബൻ ബാങ്കിന് (ഐ.ടി.യു) മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുമായി ഇരിക്കുന്ന വയോധിക ദമ്പതികളുടെ മക്കളുടെ വാക്കുകളാണിത്.
ഈസ്റ്റ് കോമ്പാറ തേക്കാനത്ത് വീട്ടിൽ ഡേവിസും (79) ഭാര്യയുമാണ് ബുധനാഴ്ച രാവിലെ പത്ത് മുതൽ ബാങ്കിൽ നിക്ഷേപിച്ച പണം ഉടൻ തിരിച്ച് നൽകണമെന്നും ജീവിതം വഴിമുട്ടിയവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പിടിച്ച് ബാങ്കിന്റെ ഹെഡ് ഓഫിസിന് മുന്നിൽ ഇരുന്നത്. ബഹ്റൈനിലെ ഗവ. പ്രസിൽ 30 വർഷം ജോലി ചെയ്ത പണമാണ് ഡേവിസ് ഇവിടെ നിക്ഷേപിച്ചത്. രണ്ടു തവണ ഹൃദയാഘാതവും സ്ട്രോക്കും നേരിട്ട ഡേവിസിന് നാല് ബ്ലോക്കുകൾ ഉണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അടിയന്തരമായി പേസ് മേക്കർ വെക്കേണ്ടതുണ്ട്. ഇതിനുള്ള പണമാണ് തങ്ങൾ ചോദിക്കുന്നതെന്ന് ഡേവിസിന്‍റെ മക്കൾ പറഞ്ഞു.
ബാങ്ക് ആർ.ബി.ഐയുടെ നിയന്ത്രണത്തിൽ വന്ന അന്ന് തന്നെ അപേക്ഷ നൽകിയതാണ്. പിന്നീട് ഡോക്ടറുടെ റിപ്പോർട്ടും നൽകി. വിശദ റിപ്പോർട്ട് സഹിതം എത്തിയിട്ടും ആർ.ബി.ഐയിൽ നിന്നുള്ള മറുപടി ലഭിച്ചില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതർ പറയുന്നതെന്ന് മാതാപിതാക്കളോടൊപ്പം എത്തിയ മക്കളായ ജിജി, ജിഷ എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്ത് ലക്ഷത്തിൽ അധികം തുകയാണ് ബാങ്കിൽ നിക്ഷേപമുള്ളത്. പണം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഇവർ രാത്രിയും ഉറച്ച് നിൽക്കുകയാണ്.
അതേസമയം, ചികിത്സക്കുള്ള ഇവരുടെ അപേക്ഷ നേരത്തെ റിസർവ് ബാങ്ക് അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും നടപടി സ്വീകരിച്ച് വരുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും രണ്ടു ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ബാങ്ക് അധികൃതർ അറിയിച്ചു. സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും ബാങ്കിന് മുന്നില്‍ എത്തിയിരുന്നു. രാത്രി നടന്ന ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

