വീടിന് തീയിട്ട് വയോദമ്പതികളെ ചുട്ടുകൊന്നു; മകൻ അറസ്റ്റിൽ
text_fieldsരാഘവൻ, ഭാരതി
ചെങ്ങന്നൂർ: സ്വത്തുതർക്കത്തിന്റെ പേരിൽ പെട്രോളൊഴിച്ച് വീടിന് തീയിട്ട് മാതാപിതാക്കളെ ചുട്ടുകൊന്ന മകൻ അറസ്റ്റിൽ. ഹരിപ്പാട് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ കൊറ്റോട്ട് രാഘവന് (92), ഭാര്യ ഭാരതിയമ്മ (90) എന്നിവരാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ ഇവരുടെ നാലാമത്തെ മകൻ വിജയനെ (60) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ച മൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ടിൻ ഷീറ്റുകൊണ്ട് മറച്ച രണ്ടുമുറി വീട് പൂർണമായും കത്തിയമർന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പുലർച്ച യാത്രക്കിടെ വീട്ടിൽ തീ ആളിപ്പടരുന്നത് ഓട്ടോഡ്രൈവർ സുനിലാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുണർത്തി തീയണക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിയമർന്നു. ഏതാനും മാസമായി വിജയനും ഇവരോടൊപ്പമാണ് താമസിക്കുന്നത്. നേരത്തേ മരുമകന് വിനോദും കുട്ടികളുമാണ് ദമ്പതികള്ക്കൊപ്പമുണ്ടായിരുന്നത്.
വിജയനെത്തി നിരന്തരം പ്രശ്നമുണ്ടാക്കിയതോടെ, പൊലീസ് നിർദേശപ്രകാരം നാലുമാസംമുമ്പ് വിനോദ് കുട്ടികളുമായി വാടകവീട്ടിലേക്ക് മാറി. വിജയന് വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് മാതാപിതാക്കളെ മര്‍ദിച്ചിരുന്നു. മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകി.
വ്യാഴാഴ്ച രാത്രി 9.30ന് വീട്ടിലെത്തിയ പൊലീസ്, വെള്ളിയാഴ്ച മാതാപിതാക്കളുമായി സ്റ്റേഷനിൽ എത്താൻ വിജയനോട് ആവശ്യപ്പെട്ടിരുന്നു. ദമ്പതികളെത്തിയെങ്കിലും ഇയാൾ വന്നില്ല. ശനിയാഴ്ച വരാൻ ആവശ്യപ്പെട്ടിരിക്കെയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കടന്നുകളഞ്ഞ വിജയനെ ശനിയാഴ്ച രാവിലെ ഏഴിന് നാട്ടുകാരുടെ സഹായത്തോടെ സമീപപ്രദേശത്തുനിന്ന് പിടികൂടി.
സ്വത്ത് പ്രശ്നവും പ്രായമായ മാതാപിതാക്കളെ നോക്കാനുള്ള ബുദ്ധിമുട്ടുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിജയന്റെ മൊഴി. ദമ്പതികളുടെ മറ്റുമക്കള്‍: ശ്യാമള, പരേതരായ വിശ്വനാഥന്, സുഭദ്ര, സിന്ധു. മരുമക്കള്‍: തങ്കച്ചി, സുഷമ, വിനോദ്, ശശി, പരേതനായ മോഹനന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

