വയോജന സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അവരെ സംരക്ഷിക്കാൻ സർക്കാറും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക വയോജന അതിക്രമ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സർക്കാർ ദാക്ഷിണ്യം കാണിക്കില്ല. മുതിർന്നവർക്കുവേണ്ടി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. മുതിർന്നവർക്കായി ‘സിൽവർ ഇക്കോണമി’ എന്ന ആശയമാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുക, അവർക്ക് വരുമാനവും സാമൂഹിക-സാമ്പത്തിക മേഖലകളിൽ കൃത്യമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ ചേർത്തുനിർത്താൻ സമൂഹത്തിന് വലിയ കടമയുണ്ട്. മുതിർന്ന പൗരന്മാരുടെ വീടുകളിൽ പോയി അന്വേഷിക്കാനും ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കാനും വിപുലമായ പരിചരണ സംവിധാനം യാഥാർഥ്യമാക്കും. വരാനിരിക്കുന്ന ബജറ്റിൽ മുതിർന്നവർക്കായി പ്രത്യേക പദ്ധതികളുണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സാമൂഹികനീതി വകുപ്പിന്റെ സ്നേഹ സന്ദേശം കാർഡ് തിരുവനന്തപുരം പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലെ അന്തേവാസി ജഗദമ്മക്ക് മുഖ്യമന്ത്രി കൈമാറി. മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

