എലത്തൂർ ട്രെയിന്‍ തീവെപ്പ്: പ്രതി ഷാരൂഖ് സെയ്ഫി മാത്രം; ലക്ഷ്യം ജിഹാദി പ്രവര്‍ത്തനമെന്ന് എൻ.ഐ.എ കുറ്റപത്രം
text_fieldsകൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ന്യൂഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സൈഫിയെ (27) മാത്രം പ്രതിചേർത്താണ് അന്വേഷണസംഘം എറണാകുളം പ്രത്യേക കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം, നിയമവിരുദ്ധ പ്രവർത്തനം തടയൽനിയമം, റെയിൽവേ ആക്ട്, പൊതുമുതൽ നശിപ്പിക്കൽ തടയൽ എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. 2023 മാർച്ച് 31ന് കേരളത്തിലെത്തിയ പ്രതി ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ-കണ്ണൂർ ഇൻറർസിറ്റി എക്സിക്യൂട്ടിവ് എക്സ്പ്രസ് ഡി1 കോച്ചിൽ തീവെച്ചത്. ട്രെയിൻ എലത്തൂരിലെത്തിയപ്പോൾ യാത്രക്കാരുടെ ദേഹത്തേക്കും മറ്റും പെട്രോൾ തളിച്ചാണ് പ്രതി ആക്രമണം നടത്തിയത്. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് മരിച്ചത്.
കോച്ചിൽ തീവെപ്പ് നടത്തി ഭീകരപ്രവർത്തനം നടത്തിയെന്നാണ് പ്രതിക്കെതിരായ എൻ.ഐ.എയുടെ ആരോപണം. തന്നെ തിരിച്ചറിയാത്തിടത്ത് ജിഹാദി പ്രവർത്തനം നടത്താൻ ഉദ്ദേശിച്ചതിനാലാണ് പ്രതി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്ന് എൻ.ഐ.എ ആരോപിക്കുന്നു. പൊതുസമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയായിരുന്നു ആക്രമണ ലക്ഷ്യം. ആക്രമണം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമങ്ങളിലെ തീവ്ര ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ആകൃഷ്ടനായാണ് പ്രതി ആക്രമണത്തിന് തയാറെടുത്തതെന്നും ഇതിനായി ഇന്ത്യയിലെയും പാകിസ്താനിലെയും വിവിധ രാജ്യങ്ങളിലെയും തീവ്ര സ്വഭാവമുള്ളവരെയും പ്രതി സമൂഹമാധ്യമങ്ങളിൽ പിന്തുടർന്നിരുന്നതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.
ആക്രമണശേഷം കണ്ണൂരിലെത്തിയ പ്രതി മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് രക്ഷപ്പെട്ടപ്പോഴാണ് പിടിയിലായത്. പ്രതി ഷൊർണൂരിലെ പെട്രോൾ പമ്പിൽനിന്ന് പെട്രോളും സമീപത്തെ കടയിൽനിന്ന് ലൈറ്ററും വാങ്ങുന്നതിന്റെ തെളിവുകൾ എൻ.ഐ.എക്ക് ലഭിച്ചിരുന്നു. ആദ്യം റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ 17നാണ് എൻ.ഐ.എ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെ ഡൽഹിയിലെ 10 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

