എലപ്പുള്ളി മദ്യനിർമാണശാല: അനുമതി റദ്ദാക്കണമെന്ന് പഞ്ചായത്ത് പ്രമേയം
text_fieldsപാലക്കാട്: മദ്യനിർമാണശാലക്ക് നൽകിയ അനുമതി റദ്ദാക്കണമെന്നും പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നുമാവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും. എട്ടിനെതിരെ 14 വോട്ടുകള്‍ക്ക് രണ്ട് പ്രമേയവും പാസായി. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ ആദ്യം കോണ്‍ഗ്രസും പിന്നാലെ ബി.ജെ.പിയുമാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം ഡി. രമേശന് പ്രമേയം അവതരിപ്പിച്ചപ്പോള്‍ മൂര്‍ത്തി പിന്തുണച്ചു. ബി.ജെ.പിയുടെ സന്തോഷ് അവതരിപ്പിച്ച പ്രമേയം സുബ്രഹ്മണ്യന് പിന്താങ്ങി. എട്ട് സി.പി.എം അംഗങ്ങള്‍ എതിർത്തു. ചട്ടലംഘനം നടത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രമേയത്തിൽ ആരോപിച്ചു.
പദ്ധതിക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നും ജലമൂറ്റുന്ന കമ്പനിക്ക് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തിൽ പറഞ്ഞു. മദ്യനിർമാണശാല വരാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, അടിയന്തര പ്രമേയത്തെ പിന്തുണക്കുന്നില്ലെന്നും മദ്യനിർമാണശാല വരുന്നത് ജലചൂഷണമുണ്ടാക്കില്ലെന്നും തൊഴില്‍ നല്‍കുമെന്നുമായിരുന്നു സി.പി.എം അംഗങ്ങളുടെ നിലപാട്. ഭരണസമിതിയും ബി.ജെ.പിയും വികസനത്തിന് എതിരുനില്ക്കുന്നെന്നും അവർ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരായ സി.പി.എം അവിശ്വാസ പ്രമേയത്തിൽ വെള്ളിയാഴ്ച ചർച്ച നടത്താനിരിക്കെയാണ് കോൺഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 22 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ഒമ്പത്, സി.പി.എം-എട്ട്, ബി.ജെ.പി-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഭരണത്തെ അട്ടിമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കോൺഗ്രസിന്റെ ഒമ്പത് അംഗങ്ങളും അവിശ്വാസ പ്രമേയത്തിൽ ഒരുമിച്ചുനിൽക്കുമെന്ന് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. മദ്യനിർമാണശാലക്കെതിരെ സമരവുമായി പഞ്ചായത്ത് മുന്നിലുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

