വെള്ളം കൊടുക്കാൻ തടസ്സമില്ല; എലപ്പുള്ളി മദ്യനിർമാണശാല ജല അതോറിറ്റി നിലപാടിൽ മാറ്റം
text_fieldsപാലക്കാട്: എലപ്പുള്ളി മദ്യനിർമാണശാല സ്ഥാപിക്കുന്ന ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് സർക്കാർ നിർദേശിക്കുന്ന അളവിൽ വെള്ളം കൊടുക്കുന്നതിൽ തടസ്സമില്ലെന്ന് ജല അതോറിറ്റി. മലമ്പുഴ ഡാമിൽനിന്നുള്ള വെള്ളം അധികമായി ചെലവിടാൻ നിർവാഹമില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് വെള്ളം നൽകുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന നിലപാട് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചത്.
കിൻഫ്രക്ക് അനുവദിച്ച 10 എം.എൽ.ഡി വെള്ളത്തിൽനിന്ന് ഒയാസിസിന് 0.50 എം.എൽ.ഡി വെള്ളം കൊടുക്കുന്നതുകൊണ്ട് ഡിവിഷനു കീഴിൽ നടക്കുന്നതും പുരോഗമിക്കുന്നതുമായ കുടിവെള്ള പദ്ധതികൾക്ക് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമില്ലെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.
വരൾച്ചസമയം നിലവിൽ കുടിവെള്ള വിതരണം നടത്തുന്ന പാലക്കാട് മുനിസിപ്പാലിറ്റി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുത റോഡ് പിരായിരി, പുതുശ്ശേരി പഞ്ചായത്തുകളിൽ മലമ്പുഴ ഡാമിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം ഇതുവരെ മുടങ്ങിയിട്ടില്ല. ഇതിനാവശ്യമായ ജലം മലമ്പുഴ ഡാമിൽ ഇറിഗേഷൻ വകുപ്പ് നിലനിർത്തിയാണ് കൃഷിക്കും മറ്റാവശ്യങ്ങൾക്കും നൽകുന്നത്. മലമ്പുഴ ഡാമിൽനിന്ന് കിൻഫ്ര ഡബ്ല്യു.എസ്.എസ് വഴി ജലം നൽകുന്നതുകൊണ്ട് ഈ ഡിവിഷനു കീഴിലുള്ള പദ്ധതികൾക്ക് നിലവിൽ ഒരു ആശങ്കയുമില്ല. ഈ സാഹചര്യത്തിൽ കിൻഫ്ര ഡബ്ല്യു.എസ്.എസിൽനിന്ന് ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ള 0.50 എം.എൽ.ഡി ലഭ്യമാക്കാൻ സാധിക്കുമെന്നും സൂപ്രണ്ടിങ് എൻജിനീയർ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

