ബ്രൂവറി പ്ലാന്‍റിനെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്; നാട്ടുകാരെ പ്രതികൂലമായി ബാധിക്കും, നടപ്പാക്കരുതെന്ന് പ്രസിഡന്‍റ് രേവതി ബാബു
text_fieldsപാലക്കാട്: കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള ഇടത് സർക്കാർ തീരുമാനത്തിനെതിരെ പരസ്യ വിമർശനവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു രംഗത്ത്. എലപ്പുള്ളിയിൽ ബ്രൂവറി പ്ലാന്‍റ് തുടങ്ങാനുള്ള മന്ത്രിസഭ തീരുമാനം ഗ്രാമപഞ്ചായത്തിനെ അറിയിക്കാതെയാണെന്ന് രേവതി ബാബു വ്യക്തമാക്കി.
26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ട് വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് അനുമതിക്കായി സമീപിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്.
എന്നാൽ ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന് ഓൺലൈനായി ഇക്കാര്യം ചോദിച്ചിരുന്നതായും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ല. എന്നാൽ, വ്യവസായ വകുപ്പ് മുഖേന ലൈസൻസ് എടുത്താൽ ഓട്ടോമാറ്റിക്കായി അനുമതി ലഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് അറിവെന്നും രേവതി ബാബു ചൂണ്ടിക്കാട്ടി.
മദ്യനിർമാണശാല വരുന്നത് നാട്ടുകാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ്. വെള്ളം കിട്ടാത്ത സാഹചര്യത്തിൽ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. പദ്ധതി നടപ്പാക്കരുതെന്നും രേവതി ബാബു വ്യക്തമാക്കി.
കഞ്ചിക്കോട് മദ്യനിർമാണശാലക്ക് അനുമതി നൽകിയതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഡല്‍ഹി മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗൗതം മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് സർക്കാർ മദ്യനിര്‍മാണത്തിന് അനുമതി നൽകിയതെന്നും ഇതിൽ ദുഹൂതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാനുള്ള അനുമതി നല്‍കിയത്. കമ്പനിയെ പുകഴ്ത്തിയാണ് എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചത്. എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതിയെന്നും ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മദ്യനിർമാണ കമ്പനിയെ പാലക്കാട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും ജനത്തെ വെല്ലുവിളിച്ച് ബ്രൂവറി തുടങ്ങാനാവില്ലെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി. ഡൽഹി മദ്യനയ അഴിമതിക്ക് പിന്നിലെ കമ്പനിക്ക് പാലക്കാട് ബ്രൂവറി നടത്താൻ അനുമതി നൽകിയത് വ്യാപക അഴിമതി ലക്ഷ്യമിട്ടാണ്. കുടിവെള്ള പദ്ധതി പോലുമില്ലാത്തിടത്താണ് മദ്യനിർമാണശാല അനുവദിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.
മദ്യകമ്പനിയെ പുകഴ്ത്തി വാതോരാതെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. എന്തെങ്കിലും പഠിച്ചിട്ടാണോ മന്ത്രി കമ്പനിയെ ഇത്രമാത്രം പുകഴ്ത്തിയതെന്നും വി.കെ. ശ്രീകണ്ഠൻ ചോദിച്ചു. കേരളത്തെ മദ്യത്തിൽ മുക്കി ജനങ്ങളെ കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്നും വർധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിലെല്ലാം മദ്യവും മയക്കുമരുന്നുമാണെന്നും വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
കഞ്ചിക്കോട്ട് മദ്യനിർമാണശാല സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ അനുമതി നൽകിയത് എല്ലാ നിയമവും പാലിച്ചാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉത്‌പാദിപ്പിക്കുമെന്ന് കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെന്നും അതനനുസരിച്ച് നടപടിയെടുക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയിടങ്ങളിൽ വർഷങ്ങളായി ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അനുഭവ സമ്പത്തുള്ള ഒരു സ്ഥാപനം അപേക്ഷിച്ചു. പരിശോധനകൾ നടത്തി എല്ലാ നിയമവും അനുസരിച്ച് ആരംഭിക്കുന്നതിനുള്ള പ്രാരംഭ അനുമതിയാണ് മന്ത്രിസഭ നൽകിയത്. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

