എലപ്പുള്ളി ബ്രൂവറി: പ്രത്യേക ഗ്രാമസഭയെ പരിഹസിച്ച് മന്ത്രി, പ്രത്യേക ഗ്രാമസഭ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
text_fieldsപാലക്കാട്: എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ പ്രത്യേക ഗ്രാമസഭ ചേർന്ന എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് നടപടിയെ പരിഹസിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക് അല്ലെന്ന് വിഷയത്തിൽ പ്രതികരിക്കവേ മന്ത്രി പ്രതികരിച്ചു.
അതേസമയം, ഗ്രാമസഭയിൽ ബ്രൂവറി പദ്ധതിക്കെതിരെയുള്ള പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയതെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാർഡുകളിൽ പ്രത്യേക ഗ്രാമസഭ ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.
179 പേരാണ് ഗ്രാമസഭയിൽ പങ്കെടുത്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കമ്പനിക്ക് എതിരാണെന്നും പദ്ധതിക്കെതിരെ ഭരണസമിതി കോടതിയെ സമീപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ മദ്യനിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. തദ്ദേശീയമായി മദ്യ ഉൽപാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രാദേശികമായ എതിർപ്പുകൾ വരാമെങ്കിലും അത് പരിഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഒമ്പത് ഡിസ്‌റ്റിലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല. ചില സ്ഥാപിത താൽപര്യക്കാരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്‍റെ പ്രശ്നം പറയുന്നവരുണ്ട്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്‍റെ എന്തു പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു.
സ്ഥാപിതതാൽപര്യങ്ങൾക്കു മുന്നിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ മദ്യനയം അഞ്ചു വർഷത്തേക്ക് ആക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണ്. നിലവിൽ ഓരോ വർഷത്തിനുമായി മദ്യനയം രൂപവത്കരിക്കുന്നത് മദ്യനിർമാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

