ശേഷക്രിയ ചെയ്ത് രേവത്; എളങ്കോവൻ മണ്ണോട് ചേർന്നു
text_fieldsലാലൂർ ശ്മശാനത്തിൽ എളങ്കോവന് അന്ത്യകർമങ്ങൾ ചെയ്യുന്ന രേവത്
തൃശൂർ: 'അണ്ണനും വിയർത്തൂട്ടോ' -ലാലൂർ പൊതുശ്മശാനത്തിലെ കുഴിയിലേക്കിറക്കും മുമ്പ് രേവത്, എളങ്കോവെൻറ നെറ്റിയിലെ വെള്ളം തുടച്ച് നിറകണ്ണുകളോടെ പറഞ്ഞു. മുഖം തുണികൊണ്ട് മൂടി കുഴിയിലേക്ക് ഇറക്കി പൊട്ടിക്കരച്ചിലോടെ ഒരുപിടി മണ്ണിട്ടു. ശ്മശാനത്തിലെ കുഴിയെടുപ്പുകാരായ ശിവരാമനും രാഘവനും മണ്ണിട്ടുമൂടി ബാക്കി പൂർത്തിയാക്കി.
തൃശൂർ പോസ്റ്റ് ഓഫിസ് റോഡിലെ ലോട്ടറി ടിക്കറ്റ് വിൽപനക്കാരനും പോളിയോ ബാധിതനുമായ തമിഴ്നാട് ആറണി സ്വദേശി എളങ്കോവനും വരന്തരപ്പിള്ളിയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന രേവതും തമ്മിലെ അവസാന കൂടിക്കാഴ്ചയായി ഇത്. പിതാവിനെപ്പോലെ സ്നേഹിച്ചും കൂട്ടുകാരെപ്പോലെ കലഹിച്ചും കഴിഞ്ഞ 10 വർഷങ്ങൾ. ആ ഓർമകളുടെ തിരതള്ളലിൽ 24കാരനായ രേവത്, രക്തബന്ധങ്ങൾക്ക് മാത്രം അവകാശം നിശ്ചയിക്കുന്ന സമൂഹത്തെ നോക്കിച്ചിരിച്ച് മൃതദേഹത്തിന് വായ്ക്കരിയിട്ടു.
തൊണ്ടയിൽ അർബുദം ബാധിച്ച് മരിച്ച എളങ്കോവെൻറ മൃതദേഹം വിട്ടുകിട്ടുമെന്ന് കരുതി രേവത് കാത്തിരുന്നത് 18 ദിവസമാണ്. ബന്ധുവല്ലാത്ത രേവതിന് മൃതദേഹം കൈമാറില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയതോടെ, എളങ്കോവനെ അനാഥനായി ലാലൂർ ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. മരിക്കുംമുേമ്പ രേവത് സംസ്കാരച്ചടങ്ങുകൾ നടത്തണമെന്നും ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിച്ച് നിമജ്ജനം ചെയ്യണമെന്നും എളങ്കോവൻ പറഞ്ഞിരുന്നു.
മൃതദേഹം സംസ്കരിക്കാനായുള്ള നടപടികൾക്കായി രേവത് കയറിയിറങ്ങാത്ത ഓഫിസുകളില്ല. കോവിഡ് കാലത്തും താൻ ആശുപത്രിയിൽ അച്ഛനെപ്പോലെ പരിപാലിച്ച 'അണ്ണൻ' അനാഥനല്ലെന്ന് അയാൾ എല്ലാവരോടും കെഞ്ചിനോക്കി. ഫലമുണ്ടായില്ല. ശേഷക്രിയകൾക്കു ശേഷം, നിമജ്ജനത്തിനായി ചിതാഭസ്മത്തിന് പകരം എളങ്കോവനെ മൂടിയ ഒരുപിടി മണ്ണ് രേവത് കവറിലിട്ടു. കൈയിൽ കരുതിയ പുതിയ മുണ്ട് അവിടെ വെച്ചു. കൂടെ...എളങ്കോവെൻറ മരണവാർത്ത അച്ചടിച്ച പോസ്റ്ററും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

