എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കാതെ എളമരം കരീമും
text_fieldsകോഴിക്കോട്: എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധം പുലർത്തുന്ന യു.ഡി.എഫാണ് ഈ ആരോപണം ഉയർത്തുന്നത്. അവർക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇക്കാര്യം വിവാദമാക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച തെറ്റിനെ ന്യായീകരിക്കാൻ എൽ.ഡി.എഫും അങ്ങിനെയാണെന്ന് സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്.എസ്.ഡി.പി.ഐ വർഗീയ കക്ഷിയാണോയെന്നത് അവരാണ് പറയേണ്ടത്. ഈ വിഷയത്തിൽ എം.വി. ഗോവിന്ദനെയും എം.എ. ബേബിയെയും പോലുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നതിനെ കുറിച്ച് അറിയില്ലെന്നും എളമരം കരീം പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തിൽ ബി.ജെ.പി സർക്കാറിന്റെ നയങ്ങൾ കേരളത്തിലുൾപ്പെടെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, മോദിസർക്കാർ അക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കോൺഗ്രസും ഇക്കാര്യത്തിൽ ശക്തമായി നിലപാട് ഉന്നയിക്കുന്നില്ലെന്നും എളമരം കരീം പറഞ്ഞു. എസ്.ഡി.പി.ഐയുടേത് പോലെ പ്രവർത്തന ശൈലിയുള്ളവരുമായും വർഗീയ നിലപാട് സ്വീകരിക്കുന്നവരുമായും സഹകരിക്കാൻ എൽ.ഡി.എഫിന് സാധിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും പറഞ്ഞു. വോട്ടിനുവേണ്ടി എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ. എസ്.ഡി.പി.ഐ വോട്ട് സംബന്ധിച്ച് വി.ഡി. സതീശന്റെ ഭാവിയിലെ പ്രസ്താവന നോക്കി പ്രതികരിക്കും. വർഗീയതയെ സമീകരിക്കുന്ന രീതി പാടില്ല. ആർ.എസ്.എസ് സ്ഥാനാർഥി ഒരു മണ്ഡലത്തിൽ ജയിക്കാൻ സാധ്യതയുണ്ടെങ്കിൽ, തങ്ങളുടെ പക്കലുള്ള വോട്ടുകൾ ജനാധിപത്യ വശത്തുള്ള ഇടത് സ്ഥാനാർഥിക്ക് നൽകി എതിരാളിയെ തോൽപിക്കാൻ സാധിക്കുമെന്ന സമീപനം എടുക്കാൻ അവർക്ക് അവകാശമുണ്ടെന്നും എറണാകുളം പ്രസ് ക്ലബിൽ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ല. സി.പി.എമ്മും ഇടതുപക്ഷവും രാഷ്ട്രീയ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവരാണ്. നാടിന്റെ ഇന്നത്തെ വസ്തുനിഷ്ടമായ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സമീപനം സ്വീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂക്ഷ്മതയില്ലാതെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവാദ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നതായും ന്യൂനപക്ഷങ്ങൾ, പരിസ്ഥിതി സംഘടനകൾ, പൗരാവകാശ-മനുഷ്യാവകാശ സംഘടനകൾ എന്നിവക്കെതിരായ കേന്ദ്ര സർക്കാറിന്റെ നീക്കമാണിതെന്നും ബേബി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

